ശുദ്ധി, ബാഹ്യാനുഷ്ഠാനങ്ങളിലല്ല ആന്തരിക സുഭാവങ്ങളിൽ അധിഷ്ഠിതം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും (01/09/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (01/09/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം ഏഴാം അദ്ധ്യായം, 1-8 വരെയും 14ഉം 15ഉം 21-23 വരെയുമുള്ള വാക്യങ്ങൾ (മർക്കോസ് 7,1-8.14-15.21-23) അതായത്, ഫരിസേയരും നിയമജ്ഞരും പാരമ്പര്യാനുഷ്ഠാനത്തിലൂന്നി നിന്ന് ബാഹ്യശുദ്ധിയെക്കുറിച്ച് വാദിക്കുന്നതും എന്നാൽ യേശുവാകട്ടെ മനുഷ്യൻറെ ഉള്ളിൽനിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത് എന്നു വിശദീകരിച്ചുകൊണ്ട് ആന്തരിക ശുദ്ധിയുടെ അനിവാര്യതയെക്കുറിച്ച് ഉദ്ബോധിപ്പിക്കുന്നതുമായ സുവിശേഷഭാഗം ആയിരുന്നു. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രഭാഷണം:
ആചാരാനുഷ്ഠാനങ്ങളും ശുദ്ധിയും അശുദ്ധിയും
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
ഇന്ന്, ആരാധനാക്രമത്തിലെ സുവിശേഷത്തിൽ (Mc 7,1-8.14-15.21-23 കാണുക), യേശു ശുദ്ധിയെയും അശുദ്ധിയെയും കുറിച്ച് സംസാരിക്കുന്നു: തൻറെ സമകാലികർക്ക് വളരെ പ്രിയപ്പെട്ട ഒരു വിഷയം, അത് പ്രധാനമായും ആചാരങ്ങളും നിയമങ്ങളും പാലിക്കുന്നതുമായും അശുദ്ധമെന്ന് കരുതുന്ന വസ്തുക്കളുമായോ ആളുകളുമായോ സമ്പർക്കം ഒഴിവാക്കുന്നതിനും അങ്ങനെ സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ, ആ "കറ" മായ്ക്കുന്നതിനുമുള്ള (ലേവ്യർ 11-15 കാണുക) പെരുമാറ്റരീതിയുമായും ബന്ധപ്പെട്ടിരുന്നു. അക്കാലത്തെ ചില മതവിശ്വാസികൾക്ക്, ശുദ്ധിയും അശുദ്ധിയും എതാണ്ട് ഒരു ബാധപോലെയായിരുന്നു.
ശുദ്ധിയെക്കുറിച്ചുള്ള യേശുവിൻറെ വീക്ഷണം
ഈ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിരുന്ന ചില നിയമജ്ഞരും പരീശന്മാരും, യേശു തൻറെ ശിഷ്യന്മാരെ കൈ കഴുകാതെ ഭക്ഷണം കഴിക്കാൻ അനുവദിച്ചതിന് കുറ്റപ്പെടുത്തുന്നു. യേശുവാകട്ടെ, തൻറെ ശിഷ്യരെ ഫരിസേയർ കുറ്റപ്പെടുത്തിയതിനെ "ശുദ്ധി"യുടെ അർത്ഥത്തെക്കുറിച്ച് സംസാരിക്കാനുള്ള അവസരമാക്കുന്നു.വിശുദ്ധി, ബാഹ്യ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അത് സർവ്വോപരി, ആന്തരിക സ്വഭാവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും യേശു പറയുന്നു. ആകയാൽ അത്യാഗ്രഹം, അസൂയ, അല്ലെങ്കിൽ അഹങ്കാരം, അതുമല്ലെങ്കിൽ വഞ്ചന, മോഷണം, വിശ്വാസവഞ്ചന, പരദൂഷണം തുടങ്ങിയ മലിനവികാരങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടെങ്കിൽ, ശുദ്ധിയുള്ളവരായിരിക്കുന്നതിന്, പലതവണ കൈകൾ കഴുകിയതുകൊണ്ട് കാര്യമില്ല (മർക്കോസ് 7,21-22 കാണുക). അവ നന്മയിൽ വളരാൻ അനുവദിക്കുന്നില്ലെന്നു മാത്രമല്ല, ആത്മാവിനെ മുറിപ്പെടുത്തുകയും ഹൃദയത്തെ അടച്ചുപൂട്ടുകയും ചെയ്യുന്ന ഉപവിവിരുദ്ധ മനോഭാവങ്ങളെയും തിരഞ്ഞെടുപ്പുകളെയും അവഗണിക്കുകയും അവനവനിലും മറ്റുള്ളവരിലും അവയെ ന്യായീകരിക്കുക പോലും ചെയ്യുന്ന അനുഷ്ഠാനപരതയ്ക്കെതിരെ ജാഗ്രതപുലർത്തുന്നതിൽ ശ്രദ്ധയുള്ളവരായിരിക്കാൻ യേശു ക്ഷണിക്കുന്നു.
പുറമെ ഭക്തിയും അകമെ വിദ്വേഷവും
സഹോദരന്മാരേ, ഇത് നമുക്കും പ്രധാനമാണ്: ഉദാഹരണത്തിന്, വിശുദ്ധ കുർബ്ബാന കഴിഞ്ഞയുടനെ, പള്ളിമുറ്റത്തു വച്ചുതന്നെ, സകലത്തെയും സകലരെയുംകുറിച്ച് കരുണരഹിതരായി അപവാദം പറയാനാകില്ല. ആ ജല്പനം ഹൃദയത്തെ നശിപ്പിക്കുന്നതാണ്, ആത്മാവിനെ നശിപ്പിക്കുന്നതാണ്. അത് അരുത്! നീ കുർബ്ബാനയ്ക്ക് പോകുന്നു, എന്നിട്ട് ഇക്കാര്യങ്ങൾ ചെയ്യുന്നു, ഇത് മോശം കാര്യമാണ്! അല്ലെങ്കിൽ പ്രാർത്ഥനയിൽ നിങ്ങൾ ഭക്തിയുള്ളവരാണെന്ന് കാണിക്കുന്നു, എന്നാൽ വീട്ടിൽ നിങ്ങളുടെ കുടുംബാംഗങ്ങളോട് തണുപ്പൻ മട്ടിലും അകൽച്ചയോടുംകൂടി പെരുമാറുന്നു, അല്ലെങ്കിൽ സഹായവും തുണയും ആവശ്യമുള്ള നിങ്ങളുടെ പ്രായംചെന്ന മാതാപിതാക്കളെ അവഗണിക്കുന്നു (മർക്കോസ് 7:10-13 കാണുക). ഇത് ഇരട്ട ജീവിതമാണ്, ഇത് ചെയ്യാൻ പാടില്ല. പരീശന്മാർ ഇതാണ് ചെയ്തിരുന്നത്. സൽമനോഭാവങ്ങളില്ലാത്ത, മറ്റുളളവരോടു കാരുണ്യഭാവമില്ലാത്ത ബാഹ്യ ശുദ്ധി. ഒരാൾക്ക് പ്രത്യക്ഷത്തിൽ എല്ലാവരോടും വളരെ നീതി പുലർത്താൻ കഴിയില്ല, ഒരുപക്ഷേ കുറച്ച് സന്നദ്ധപ്രവർത്തനങ്ങളും ചില ജീവകാരുണ്യ പ്രവർത്തികളും ചെയ്യുകയും ഉള്ളിൽ മറ്റുള്ളവരോട് വിദ്വേഷം വളർത്തുകയും ദരിദ്രരെയും എളിയവരെയും വെറുക്കുകയും അല്ലെങ്കിൽ തൻറെ തൊഴിലിൽ ആത്മാർത്ഥതയില്ലാതിരിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നതിലൂടെ, ദൈവവുമായുള്ള ബന്ധം ബാഹ്യാനുഷ്ഠാനങ്ങളിലേക്കു ചുരുങ്ങുന്നു, ആന്തരികമായി നാം അവിടത്തെ കൃപയുടെ ശുദ്ധീകരണ പ്രവർത്തനത്തിന് വിധേയരാകാതെ, സ്നേഹമില്ലാത്ത ചിന്തകളിലും സന്ദേശങ്ങളിലും പെരുമാറ്റങ്ങളിലും മുഴുകുന്നു.
നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് സ്നേഹത്തിനായി
നാം മറ്റൊന്നിനു വേണ്ടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നാം ജീവിത വിശുദ്ധി, ആർദ്രത, സ്നേഹം എന്നിവയ്ക്കായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആകയാൽ, നമുക്ക് നമ്മോടുതന്നെ ചോദിക്കാം: ഞാൻ എൻറെ വിശ്വാസം അനുയോജ്യമായ രീതിയിൽ ജീവിക്കുന്നുണ്ടോ, അതായത്, ദേവാലയത്തിൽ ഞാൻ ചെയ്യുന്നതെന്തും അതേ ചൈതന്യത്തോടെ ഞാൻ പുറത്തും ചെയ്യാൻ ശ്രമിക്കുന്നുണ്ടോ? ഞാൻ പ്രാർഥനയിൽ പറയുന്ന കാര്യങ്ങൾ വികാരങ്ങളും വാക്കുകളും പ്രവൃത്തികളും കൊണ്ട് എൻറെ സഹോദരങ്ങളോടുള്ള സാമീപ്യത്തിലും ആദരവിലും സമൂർത്തമാക്കുന്നുണ്ടോ? നമുക്ക് അതിനെക്കുറിച്ച് ചിന്തിക്കാം. ഏറ്റവും പരിശുദ്ധ അമ്മയായ മറിയം, നമ്മുടെ ജീവിതം, ഹൃദയംഗമവും പ്രാവർത്തികമാക്കപ്പെട്ടതുമായ സ്നേഹത്തിൽ, ദൈവത്തിനു പ്രീതികരമായ ഒരു ആരാധനയായി മാറ്റാൻ നമ്മെ സഹായിക്കട്ടെ (റോമ 12:1 കാണുക).
ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - സ്ലൊവാക്യയിൽ ഒരു നവവാഴ്ത്തപ്പെട്ടവൻ
ശനിയാഴ്ച (31/08/24) സ്ലൊവാക്യയിലെ ഷഷ്ടീനിൽ, വിശുദ്ധ വിൻസെൻറ് ഡി പോൾ പ്രേഷിതസമൂത്തിൽ വൈദികാർത്ഥിയായിരുന്നു യാൻ ഹാവ്ലിക്ക് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവെ അനുസ്മരിച്ചു. 1965-ൽ, അന്നത്തെ ചെക്കോസ്ലോവാക്യയിൽ, സഭയ്‌ക്കെതിരെ ഭരണകൂടം നടത്തിയ പീഡനത്തിലാണ് ഈ യുവാവ് കൊല്ലപ്പെട്ടതെന്ന് പറഞ്ഞ പാപ്പാ, ക്രിസ്തുവിലുള്ള വിശ്വാസത്തിന് സാക്ഷ്യം വഹിക്കുന്നതിൽ അദ്ദേഹം പ്രകടപ്പിച്ച സ്ഥൈര്യം ഇന്നും സമാനമായ പരീക്ഷണങ്ങൾ അനുഭവിക്കുന്നവർക്ക് ഒരു പ്രോത്സാഹനമാകട്ടെയെന്ന് ആശംസിച്ചു.
ബുർക്കിനൊ ഫാസൊയിലെ ഭീകരാക്രമണം
പശ്ചിമാഫ്രിക്കൻ നടായ ബുർക്കീനൊ ഫാസൊയിൽ ബർസലോഗോ മുനിസിപ്പാലിറ്റിയിൽ, ആഗസ്റ്റ് 24 ശനിയാഴ്ച, ഉണ്ടായ ഭീകരാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത് വേദനയോടെ അനുസ്മരിച്ച പാപ്പാ മനുഷ്യജീവനെതിരായ ഇത്തരം നിന്ദ്യമായ ആക്രമണങ്ങളെ അപലപിക്കുകയും അന്നാടിനോടുള്ള സാമീപ്യം അറിയിക്കുകയും ആക്രമണത്തിന് ഇരകളായവരുടെ കുടുംബാംഗങ്ങളോടുള്ള ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുകയും സമാധാനവും സുരക്ഷിതത്വവും വീണ്ടെടുക്കാൻ അന്നാട്ടിലെ ജനങ്ങളെ പരിശുദ്ധ കന്യാമറിയം സഹായിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ബ്രസിലിലെ ഒരു മരിയൻ ദേവാലയത്തിൻറെ മേൽക്കൂര തകർന്ന ദുരന്തം
ബ്രസീലിലെ ഹെസീഫി നഗരത്തിലെ അമലോത്ഭവനാഥയുടെ ദേവാലയത്തിൻറെ മേൽക്കുര തകർന്നുവീണ അപകടത്തിൽ പാപ്പാ തൻറെ ദുഃഖം രേഖപ്പെടുത്തുകയും പ്രാർത്ഥന അറിയിക്കുകയും ചെയ്തു.
ഉക്രൈയിനിൻറെ ദുരന്തത്തിൽ നിസ്സംഗത അരുത്
ഉക്രൈയിനിൻറെ ഊർജ്ജ സംവിധനാങ്ങൾക്കു നേരെ കടുത്ത ആക്രമണം ഉണ്ടായതും ഈ ആക്രമണത്തിൽ അനേകർ മരണമടയുകയും പരിക്കേല്ക്കുകയും ചെയ്തതും ദശലക്ഷത്തിലേറെ ആളുകൾക്ക് വൈദ്യുതിയും വെള്ളവും ഇല്ലാതായിരിക്കുന്നതും പാപ്പാ ആശങ്കയോടും വേദനയോടുംകൂടെ അനുസ്മരിച്ചു. നിരപരാധികളുടെ കഷ്ടപ്പാടുകളിൽ നിസ്സംഗത പാലിക്കാത്ത ദൈവം അവരുടെ ശബ്ദം എപ്പോഴും കേൾക്കുമെന്ന പ്രത്യാശ പാപ്പാ പ്രകടിപ്പിച്ചു.
പലസ്തീൻ-ഇസ്രായേൽ പോരാട്ടം
പലസ്തീൻ-ഇസ്രായേൽ സംഘർഷത്തെക്കുറിച്ചും പാപ്പാ പരാമർശിച്ചു. ഈ പോരാട്ടം മറ്റ് പലസ്തീനിയൻ നഗരങ്ങളിലേക്ക് വ്യപിക്കാനുള്ള അപകട സാധ്യതയിൽ പാപ്പാ ആശങ്കപ്രകടിപ്പിക്കുകയും ചെയ്തു. ഉടൻ യുദ്ധം അവസാനിപ്പിക്കുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനും പിള്ളവാതമുൾപ്പെടെ നിരവധി രോഗങ്ങൾ പടരുന്ന ഗാസയിലെ നിവാസികൾക്ക് സഹായം എത്തിക്കുന്നതിനുമുള്ള തൻറ അഭ്യർത്ഥന പാപ്പാ നവീകരിച്ചു. വിശുദ്ധനാട്ടിൽ, ജറുസലേമിൽ സമാധാനം ഉണ്ടാകട്ടെയെന്നും ക്രിസ്ത്യാനികളും യഹൂദരും മുസ്ലീങ്ങളും ആദരിക്കപ്പെടുകയും സ്വാഗതംചെയ്യപ്പെടുകയും ചെയ്യുന്ന സമാഗമവേദിയായി വിശുദ്ധനാട് മാറട്ടെയെന്നും, അവരുടെ തനതായ പുണ്യസ്ഥലങ്ങളുടെ പദവിയെ ആരും ചോദ്യം ചെയ്യരുതെന്നും പാപ്പാ പറഞ്ഞു.
സെപ്റ്റംബർ ഒന്ന്: സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനം
സൃഷ്ടിയുടെ പരിപാലനത്തിനായുള്ള ലോക പ്രാർത്ഥനാ ദിനം സെപ്റ്റംബർ ഒന്നിന് ആചരിക്കപ്പെടുന്നതിനെക്കുറിച്ചു പരാമാർശിച്ച പാപ്പാ, നമ്മുടെ പൊതു ഭവനത്തോടുള്ള മൂർത്തമായ പ്രതിബദ്ധത, എല്ലാവരിലും നിന്ന്, അതായത്, സ്ഥാപനങ്ങളിലും സമിതികളിലും കുടുംബങ്ങളിലും ഓരോ വ്യക്തിയിലും നിന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തി. മുറിവേറ്റ ഭൂമിയുടെ നിലവിളി കൂടുതൽ ഭയാനകമായിക്കൊണ്ടിരിക്കയാണെന്നും നിർണ്ണായകവും അടിയന്തരവുമായ നടപടി ആവശ്യമാണെന്നും പാപ്പാ പറഞ്ഞു.
ഏഷ്യ-ഓഷ്യാന നാടുകളിലേക്കുള്ള അപ്പൊസ്തോലിക യാത്ര- 2-13 സെപ്റ്റംബർ
സെപ്റ്റംബർ 2-ന് തിങ്കളാഴ്ച താൻ ഏഷ്യയിലെയും ഓഷ്യാനയിലെയും ചില രാജ്യങ്ങളിലേക്കുള്ള ഇടയസന്ദർശനം ആരംഭിക്കുതിനെക്കുറിച്ചു പാപ്പാ പറയുകയും ഈ യാത്ര ഫലദായകമാകുന്നതിനു വേണ്ടി പ്രാർത്ഥനാസഹായം അഭ്യർത്ഥിക്കുകയും ചെയ്തു.
സമാപനാഭിവാദ്യം
ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: