ജീവനോടു തുറവുള്ളതാകണം ദാമ്പത്യ സ്നേഹം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ ഞായറാഴ്ചത്തെ ത്രികാലജപ സന്ദേശം. വിശ്വസ്ത ദാമ്പത്യ സ്നേഹത്തിൻറെ പ്രാധാന്യം. ഡിസംബർ 8-ന്, മോൺസിഞ്ഞോർ ജോർജ്ജ് ജേക്കബ് കൂവക്കാടുൾപ്പടെ, 21 കർദ്ദിനാളാന്മാരെ പ്രഖ്യാപിക്കാനുള്ള കൺസിസ്റ്ററി പാപ്പാ വിളിച്ചുകൂട്ടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും (06/10/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. രാവിലെ കുളിരനുഭവപ്പെട്ടെങ്കിലും സൂര്യകിരണങ്ങളാൽ കുളിച്ചുനിന്നിരുന്ന ചത്വരത്തിൽ സമ്മേളിച്ചിരുന്നവരുമൊത്ത് മദ്ധ്യാഹ്നപ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 3,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (06/10/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പത്താം അദ്ധ്യായം, 2-16 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 10,2-16) അതായത്, ഫരിസേയർ യേശുവിനെ പരീക്ഷിക്കുന്നതിനായി വിവാഹമോചനത്തെക്കുറിച്ച് ചോദ്യമുന്നയിക്കുന്നതും അവിടന്ന് ദാമ്പത്യ സ്നേഹത്തിൻറെയും ദാമ്പത്യ വിശ്വസ്തതയുടെയും മൂല്യം എടുത്തുകാട്ടിക്കൊണ്ട് പ്രത്യുത്തരിക്കുന്നതുമായ സുവിശേഷ സംഭവമായിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

ദാമ്പത്യ സ്നേഹം

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്ന് ആരാധനാക്രമത്തിലെ സുവിശേഷത്തിൽ (മർക്കോസ് 10,2-16 കാണുക) യേശു നമ്മോട് പറയുന്നത് ദാമ്പത്യ സ്നേഹത്തെക്കുറിച്ചാണ്. മറ്റവസരങ്ങളിൽ സംഭവിച്ചിട്ടുള്ളതു പോലെ, ചില പരീശന്മാർ അവിടത്തോട് ഒരു വിവാദ വിഷയത്തെക്കുറിച്ച് പ്രകോപനപരമായ ചോദ്യം ചോദിക്കുന്നു: ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നതിനെക്കുറിച്ചാണിത്. അവനെ ഒരു വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ അവർ ആഗ്രഹിക്കുന്നു, പക്ഷേ അവൻ അതിന് നിന്നുകൊടുക്കുന്നില്ല, പകരം വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിലേക്ക്, അതായത്, പുരുഷനും സ്ത്രീയും തമ്മിലുള്ള സ്നേഹത്തിൻറെ മൂല്യത്തിലേക്ക് അവരുടെ ശ്രദ്ധയാകർഷിക്കാൻ ആ അവസരം അവിടന്ന് ഉപയോഗിക്കുന്നു.

സ്ത്രീയും പുരുഷനും 

യേശുവിൻറെ കാലത്ത്, വിവാഹജീവിതത്തിൽ സ്ത്രീകളുടെ അവസ്ഥ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ പ്രതികൂലമായിരുന്നു: നിസ്സാര കാരണങ്ങളാൽ പോലും ഭർത്താവിന് ഭാര്യയെ പുറത്താക്കാനും ഉപേക്ഷിക്കാനും കഴിയുമായിരുന്നു, ഇത് തിരുവെഴുത്തുകളുടെ നൈയമിക വ്യാഖ്യാനങ്ങളാൽ ന്യായീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഇക്കാരണത്താൽ, കർത്താവ് തൻറെ സംവാദികരെ സ്നേഹത്തിൻറെ ആവശ്യകതയിലേക്ക് പുനരാനയിക്കുന്നു. സ്ത്രീയും പുരുഷനും പരസ്പരം തുണയാകുന്നതിനും, ഒപ്പം, വളർച്ചയ്ക്ക് പ്രചോദനവും വെല്ലുവിളിയും ആകുന്നതിനും (ഉൽപത്തി 2:20-കാണുക- 23 ) വേണ്ടി, ഔന്നത്യത്തിൽ തുല്ല്യരും വൈവിധ്യത്തിൽ പരസ്പര പൂരകങ്ങളും ആയിരിക്കണമെന്ന് സ്രഷ്ടാവ് അഭിലഷിച്ചു.

ദമ്പതികൾ സ്നേഹത്തിലും സമാധാനത്തിലുമായിരിക്കണം

ഇത് സംഭവിക്കുന്നതിന്, അവരുടെ പരസ്പര ദാനം സമ്പൂർണ്ണവും പ്രതിജ്ഞാബദ്ധവും "ചാഞ്ചല്യരഹിതവും" ആയിരിക്കേണ്ടതിൻറെയും - ഇതാണ് സ്നേഹം - ഒരു പുതിയ ജീവിതത്തിറെ തുടക്കമാകേണ്ടതിൻറെയും ആവശ്യകത അവിടന്ന് ഊന്നിപ്പറയുന്നു (മർക്കേസ് 10.7; ഉല്പത്തി 2, 24 കാണുക), ഈ നവജീവിതം "എനിക്ക് ആവശ്യമുള്ള കാലത്തോളം" അല്ല പരസ്പരം സ്വീകരിക്കുകയും "ഒരു ശരീരമായി" ഐക്യത്തോടെ ജീവിക്കുകയും ചെയ്യുക വഴി എന്നേയ്ക്കും നിലനിൽക്കാനുള്ളതാണ്.  തീർച്ചയായും, ഇത് എളുപ്പമല്ല, അതിന്, ബുദ്ധിമുട്ടുകളിൽ പോലും, വിശ്വസ്തത ആവശ്യമാണ്, ബഹുമാനം, ആത്മാർത്ഥത, ലാളിത്യം എന്നിവ ആവശ്യമാണ് (മർക്കോസ് 10,15 കാണുക). അതിന് താരതമ്യം ചെയ്യപ്പെടാനും, ആവശ്യമായിവരുന്ന പക്ഷം, ചിലപ്പോൾ ചർച്ചയ്‌ക്കും, സന്നദ്ധരായിരിക്കണം. എന്നാൽ ക്ഷമിക്കാനും അനുരഞ്ജനപ്പെടാനും എപ്പോഴും തയ്യാറായിരിക്കണം. ഞാൻ ശുപാർശ ചെയ്യുന്നു:  ഭാര്യാ ഭർത്താക്കന്മാരേ, നിങ്ങൾ മതിയാവോളം വഴക്കടിച്ചോളൂ, എന്നാൽ ഒരു വ്യവസ്ഥ, ദിവസം അവസാനിക്കുന്നതിനുമുമ്പ് നിങ്ങൾ സമാധാനത്തിലെത്തിയിരിക്കണം! എന്തുകൊണ്ടാണെന്ന് അറിയാമോ? കാരണം, ഒരുദിവസത്തെ ശീതയുദ്ധം അടുത്തദിനത്തിലേക്കു കടന്നാൽ അപകടകരമാണ്. എങ്കിൽ പിതാവേ എന്നോടു പറയുക,"എങ്ങനെയാണ് സമാധാനം ഉണ്ടാക്കുക?" - "ഒരു തലോടൽ മതി," സമാധാനത്തിലെത്താതെ ഒരിക്കലും ദിവസം അവസാനിപ്പിക്കരുത്.

കുഞ്ഞുങ്ങളോടു തുറവുള്ള ദാമ്പത്യ സ്നേഹം 

അതിനാൽ, ഓരോ വീടിനും സന്തോഷത്തിൻറെയും പ്രത്യാശയുടെയും ഉറവിടമായ, സ്നേഹത്തിൻറെ ഏറ്റവും സുന്ദര ഫലമായ, ദൈവത്തിൻറെ ഏറ്റവും വലിയ അനുഗ്രഹമായ, ജീവൻറെ ദാനത്തോടും കുട്ടികളുടെ ദാനത്തോടും ദമ്പതികൾ തുറവുകാട്ടേണ്ടത് അനിവാര്യമാണെന്ന് നാം മറക്കരുത്. നിങ്ങൾ കുഞ്ഞുങ്ങൾക്ക് ജന്മം നല്കൂ! ഇന്നലെ എനിക്ക് വലിയ സാന്ത്വനദായകമായിരുന്നു. അന്ന് സുരക്ഷാപ്പൊലീസിൻറെ ദിനമായിരുന്നു, ഒരു സുരക്ഷാപ്പൊലീസ് അദ്ദേഹത്തിൻറെ എട്ട് കുട്ടികളുമായിട്ടാണ് വന്നത്! അതു മനോഹര ദൃശ്യമായിരുന്നു. ദയവുചെയ്ത്, ദൈവം അയയ്‌ക്കുന്നതിനോട് ജീവനോട് തുറവുകാട്ടുക.

പ്രിയ സഹോദരീസഹോദരന്മാരേ, സ്നേഹം നിർബന്ധിക്കുന്നതാണ്, അതെ, പക്ഷേ അത് മനോഹരമാണ്, അതിനെ ഇപെടാൻ നാം  അനുവദിക്കുമ്പോൾ അതിൽ യഥാർത്ഥ സന്തോഷം നാം കൂടുതലായി കണ്ടെത്തും. ഇപ്പോൾ എല്ലാവരും അവനവൻറെ ഹൃദയത്തിൽ സ്വയം ചോദിക്കുക: എൻറെ സ്നേഹം എങ്ങനെയാണ്? അത് വിശ്വസ്തമാണോ? അത് സർഗ്ഗാത്മകമാണോ? നമ്മുടെ കുടുംബങ്ങൾ എങ്ങനെയുള്ളതാണ്?: അവ ജീവനോടും കുട്ടികളുടെ ദാനത്തോടും തുറവുള്ളതാണോ? കന്യാമറിയം ക്രൈസ്തവ ദമ്പതികളെ സഹായിക്കട്ടെ. വിശുദ്ധ ജപമാല നാഥയോടുള്ള പരമ്പരാഗത പ്രാർത്ഥനയ്ക്കായി പൊംപൈയിലെ ദേവാലയത്തിൽ സമ്മേളിച്ചിരിക്കുന്ന വിശ്വാസികളുമായുള്ള ആത്മീയ ഐക്യത്തിൽ നമുക്ക് അവളോടു പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - ഇസ്രായേൽ ജനതയ്ക്കെതിരായ ഭീകരാക്രമണത്തിൻറെ ഒന്നാം വാർഷികം

ഇസ്രായേലിലെ ജനങ്ങൾക്കെതിരായ ഭീകരാക്രമണത്തിന് ഒക്ടോബർ 7-ന്, തിങ്കളാഴ്ച ഒരു വർഷം തികയുന്നത് പാപ്പാ ആശീർവ്വാദത്തിനും ശേഷം വിശ്വാസികളെ സംബോധന ചെയ്യവെ അനുസ്മരിച്ചു. ആ ജനതയോടുള്ള തൻറെ സാമീപ്യം നവീകരിച്ച പാപ്പാ ഗാസയിൽ ഇനിയും ബന്ദികൾ ഉണ്ടെന്ന യാഥാർത്ഥ്യം മറക്കരുതെന്നു പറയുകയും, അവരെ ഉടൻ മോചിപ്പിക്കണമെന്ന തൻറെ അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. ആ ഭീകരാക്രമണദിനത്തെ തുടർന്ന് ഇങ്ങോട്ടു മദ്ധ്യപൂർവ്വദേശം  പൂർവ്വോപരി വലുതായ യാതനകളിലേക്കു നിപതിച്ചുവെന്നും വിനാശകരമായ സൈനിക നടപടികൾ പലസ്തീൻ ജനതയുടെമേൽ ആഘാതമേല്പിക്കുന്നത് തുടരുന്നുവെന്നും ഗാസയിലും മറ്റിടങ്ങളിലും ഈ ജനത ഏറെ ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ടെന്നും പാപ്പാ അനുസ്മരിച്ചു. ഇവരിൽ അധികവും നിരപരാധികളായ പൗരന്മാരാണെന്നും, ആവശ്യമായ എല്ലാ മാനവിക സഹായങ്ങളും എല്ലാവർക്കും ലഭ്യമാക്കണമെന്നും പാപ്പാ പറഞ്ഞു. ലെബനൻ ഉൾപ്പെടെ എല്ലാ യുദ്ധവേദികളിലും ഉടനടി വെടിനിർത്താൻ പാപ്പാ അഭ്യർത്ഥിച്ചു. ലെബനൻ ജനതയ്ക്കുവേണ്ടി, വിശിഷ്യ, തങ്ങളുടെ ഗ്രാമങ്ങൾ വിട്ടുപോകാൻ നിർബന്ധിതരായ തെക്കുഭാഗത്തുള്ള നിവാസികൾക്കായി പ്രാർത്ഥിക്കാൻ പാപ്പാ ക്ഷണിച്ചു.

യുദ്ധാന്ത്യത്തിനായി അഭ്യർത്ഥന

പ്രതികാരച്ചുഴിക്ക് അറുതിവരുത്താനും, കൂടുതൽ വലിയ യുദ്ധത്തിലേക്ക് ആ പ്രദേശത്തെ തള്ളിയിടാൻ സാദ്ധ്യതയുള്ള, ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇറാൻ നടത്തിയതുപോലുള്ള, ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. എല്ലാ രാഷ്ട്രങ്ങൾക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും നിലനിൽക്കാൻ അവകാശമുണ്ടെന്നും അവരുടെ പ്രദേശങ്ങൾ ആക്രമിക്കുകയോ കൈയ്യേറുകയോ ചെയ്യരുതെന്നും, രാഷ്ട്രങ്ങളുടെ പരമാധികാരം ആദരിക്കപ്പെടുകയും, വിദ്വേഷത്താലും യുദ്ധത്താലുമല്ല, പ്രത്യുത, സംഭാഷണത്താലും സമാധാനത്താലും അത് ഉറപ്പാക്കപ്പെടുകയും വേണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈ സാഹചര്യത്തിൽ, പ്രാർത്ഥന എന്നത്തേക്കാളും ആവശ്യമാണെന്നു പറഞ്ഞ പാപ്പാ ഒക്ടോബർ 6-ന് ഞായറാഴ്ച വൈകുന്നേരം താൻ, റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയിൽ, ദൈവമാതാവിൻറെ മാദ്ധ്യസ്ഥ്യം യാചിക്കാൻ പോകുന്നതും തിങ്കളാഴ്ച വിശ്വശാന്തിക്കായുള്ള പ്രാർത്ഥനയുടെയും ഉപവാസത്തിൻറെയും ദിനം ആചരിക്കുന്നതും അനുസ്മരിക്കുകയും പൈശാചികമായ യുദ്ധതന്ത്രങ്ങൾക്കെതിരെ നന്മയുടെ ശക്തിയുമായി ഒന്നുചേരാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

ജലപ്രളയം ബോസ്നിയയിലും ഹെർസഗോവിനയിലും

ബോസ്നിയയിലും ഹെർസഗോവിനയിലും ജലപ്രളയദുരന്തം മൂലം യാതനകളനുഭവിക്കുന്നവരെ പാപ്പാ അനുസ്മരിച്ചു. ഈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്കുവേണ്ടിയും അവരുടെ കുടുംബങ്ങൾക്ക് സാന്ത്വനവും സഹായവും ലഭിക്കുന്നതിനായും പാപ്പാ പ്രാർത്ഥിച്ചു

സാർവ്വത്രികസഭയിലെ പുതിയ “രാജകുമാരന്മാർ”- കൺസിസ്റ്ററി ഡിസംബർ 8-ന്

പുതിയ കർദ്ദിനാളന്മാരെ പ്രഖ്യാപിക്കുന്നതിനായി ഡിസംബർ 8-ന് താൻ ഒരു കൺസിസ്റ്ററി വിളിച്ചുകൂട്ടമെന്ന് പാപ്പാ  തദ്ദനന്തരം വെളിപ്പെടുത്തി. അവർ വവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്ന വസ്തുത കാണിക്കുന്നത് ഭൂമിയിലെ സകല മനുഷ്യരോടും ദൈവത്തിൻറെ കാരുണാർദ്രസ്നേഹം പ്രഘോഷിക്കുന്നതു തുടരുന്ന  സഭയുടെ സാർവ്വത്രികതയാണെന്നും, പുതിയ കർദ്ദിനാളന്മാരെ റോം രൂപതയിൽ ചേർക്കുന്നത് പത്രോസിൻറെ സിംഹാസനവും ലോകമെമ്പാടുമുള്ള പ്രാദേശക സഭകളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻറെ ആവിഷ്ക്കാരമാണെന്നും പാപ്പാ വ്യക്തമാകുകയും താൻ പ്രഖ്യാപിക്കാൻ പോകുന്ന പുതിയ കർദ്ദിനാളന്മാരുടെ പേരുകൾ വെളിപ്പെടുത്തുകയും ചെയ്തു. ഫ്രാൻസീസ് പാപ്പായുടെ അപ്പൊസ്തോലിക യാത്രകളുടെ സംഘാടനച്ചുമതലയുള്ള മോൺസിഞ്ഞോർ ജോർജ്ജ് ജേക്കബ് കൂവക്കാടുൾപ്പടെ 21 പേരുടെ പേരുകളാണ് പാപ്പാ വെളിപ്പെടുത്തിയത്.

കരുണാമയനും വിശ്വസ്തനുമായ മഹാപുരോഹിതനായ ക്രിസ്തുവിനോടുള്ള തങ്ങളുടെ ഐക്യം  സ്ഥിരീകരിച്ചുകൊണ്ട്, അവർ, റോമിൻറെ മെത്രാൻ ദൈവത്തിൻറെ വിശുദ്ധ ജനം മുഴുവൻറെയും നന്മയ്ക്കായി ചെയ്യുന്ന ശുശ്രൂഷയിൽ തന്നെ സഹായിക്കുന്നതിനായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യം

തദ്ദനന്തരം, ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്ന, ഇറ്റലിക്കാരും ലോകത്തിൻറെ ഇതര ഭാഗങ്ങളിൽ നിന്ന് എത്തിയിരുന്നവരുമായ തീർത്ഥാടകർക്കും സന്ദർശകർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2024, 14:26

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >