ഫ്രാൻസിസ് പാപ്പാ അപ്പസ്തോലികകൊട്ടാരത്തിന്റെ ജനാലയ്ക്കൽ ഫ്രാൻസിസ് പാപ്പാ അപ്പസ്തോലികകൊട്ടാരത്തിന്റെ ജനാലയ്ക്കൽ  (AFP or licensors)

ദൈവസ്നേഹത്തിന്റെ കടാക്ഷം ഏറ്റുവാങ്ങുന്നതും, പരസ്പരം സ്നേഹിക്കുന്നതുമാണ് യഥാർത്ഥ സമ്പത്ത്: ഫ്രാൻസിസ് പാപ്പാ

ഒക്ടോബർ പതിമൂന്നാം തീയതി ഞായറാഴ്‌ച മദ്ധ്യാഹ്നനപ്രാർത്ഥനാവേളയിൽ വത്തിക്കാനിൽവച്ച് ഫ്രാൻസീസ് പാപ്പാ പങ്കുവച്ച ചിന്തകളുടെ മലയാള പരിഭാഷ. ദൈവത്തിന്റെ സ്നേഹം സ്വന്തമാക്കാൻ സാധിക്കുന്നതും അതനുസരിച്ച് മറ്റുളളവരെ സ്നേഹിക്കാൻ സാധിക്കുന്നതുമാണ് യഥാർത്ഥ സമ്പത്ത്.
ശബ്ദരേഖ - ദൈവസ്നേഹത്തിന്റെ കടാക്ഷം ഏറ്റുവാങ്ങുന്നതും, പരസ്പരം സ്നേഹിക്കുന്നതുമാണ് യഥാർത്ഥ സമ്പത്ത്: ഫ്രാൻസിസ് പാപ്പാ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഒക്ടോബർ പതിമൂന്നാം തീയതി ഞായറാഴ്‌ച മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ ത്രികാലജപപ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ ഏതാണ്ട് പതിനയ്യായിരത്തോളം വിശ്വാസികൾ സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 3.30-ന്, പാപ്പാ, പതിവുപോലെ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തിയപ്പോൾ തീർത്ഥാടകരും സന്ദർശകരുമായെത്തിയ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിലെ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ മർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായം പതിനേഴ് മുതൽ മുപ്പത് വരെ ഉള്ള വാക്യങ്ങളിലെ, ധനികനും ദൈവാരാജ്യവും എന്ന വിഷയത്തെക്കുറിച്ചുള്ള തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പാ ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ചുള്ള തന്റെ പ്രഭാഷണം നടത്തിയത്.

ധനികനായ മനുഷ്യനും യേശുവും

ഇറ്റാലിയൻ ഭാഷയിലായിരുന്ന പാപ്പായുടെ പ്രഭാഷണം ഇപ്രകാരമായിരുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ, ശുഭഞായർ!

ഇന്നത്തെ സുവിശേഷം (മർക്കോസ് 10, 17-30), യേശുവിനെ കാണാനായി ഓടിയെത്തി, "നല്ലവനായ ഗുരോ, നിത്യജീവൻ അവകാശമാക്കാൻ ഞാൻ എന്തുചെയ്യണം?" (വ.17) എന്ന് ചോദിക്കുന്ന ഒരു ധനവാനായ മനുഷ്യനെക്കുറിച്ചാണ് പറയുക. എല്ലാം ഉപേക്ഷിച്ച് തന്നെ പിന്തുടരാൻ യേശു അവനെ ആഹ്വാനം ചെയ്യുന്നു. എന്നാൽ അവനാകട്ടെ, വിഷാദിച്ച് സങ്കടത്തോടെ തിരിച്ചുപോയി കാരണം വചനം പറയുന്നു,  "അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു" (വ. 23). എല്ലാം ഉപേക്ഷിക്കുക എളുപ്പമല്ല.

ഹൃദയത്തിന്റെ ആഗ്രഹവും മനുഷ്യനും

ഈ മനുഷ്യന്റെ രണ്ട് പ്രവൃത്തികൾ നമുക്ക് കാണാം. തുടക്കത്തിൽ യേശുവിന്റെ അടുത്തെത്താനായി അവൻ ഓടുന്നു, എന്നാൽ അവസാനം പക്ഷെ വിഷാദിച്ച് സങ്കടത്തോടെ തിരികെ പോകുന്നു. ആദ്യം കാണാനായി ഓടിയത്തുന്നു, പിന്നീട് തിരികെ പോകുന്നു. ഇതിന്മേൽ നമുക്ക് വിശകലനം നടത്താം.

ആദ്യം തന്നെ, ഇദ്ദേഹം യേശുവിന്റെ അരികിലേക്ക് ഓടിയെത്തുന്നു. അത് അവന്റെ ഹൃദയത്തിൽ എന്തോ അവനെ നിർബന്ധിച്ചതുപോലെയാണ്. യഥാർത്ഥത്തിൽ, ഒരുപാട് ധനമുണ്ടായിരിക്കുമ്പോഴും അവൻ സംതൃപ്തനല്ല. അവൻ ഉള്ളിൽ ഒരു അസ്വസ്ഥത കൊണ്ടുനടക്കുന്നുണ്ട്. പൂർണതയുള്ള ഒരു ജീവിതമാണ് അവൻ അന്വേഷിക്കുന്നത്. സുവിശേഷത്തിൽ കാണുന്ന രോഗികളെയും, പിശാചുബാധിതരെയും പോലെ (മർക്കോസ് 3, 10; 5, 6) അവൻ ഗുരുവിന്റെ കാൽക്കൽ വീഴുന്നു. അവൻ ധനവാനാണ് എന്നാൽ അവന് സൗഖ്യത്തിന്റെ ആവശ്യമുണ്ട്. യേശു അവനെ സ്നേഹപൂർവ്വം കടാക്ഷിക്കുന്നു (വ. 21); തുടർന്ന് ഒരു ചികിത്സ നിർദ്ദേശിക്കുന്നു: ഉള്ളതെല്ലാം വിൽക്കുക, അത് ദരിദ്രർക്ക് കൊടുക്കുക, പിന്നീട് തന്നെ അനുഗമിക്കുക. പക്ഷെ ഇവിടെ നമ്മൾ പ്രതീക്ഷിക്കാത്ത ഒരു അവസാനമെത്തുന്നു: ഈ മനുഷ്യൻ സങ്കടപ്പെടുകയും തിരികെപ്പോവുകയും ചെയ്യുന്നു. എന്തുമാത്രം വലുതും ആവേശഭരിതവുമായിരുന്നോ, യേശുവിനെ കണ്ടുമുട്ടാനുള്ള ആഗ്രഹം, അത്രയധികം തണുത്തതും വേഗതയുമുള്ളതായിരുന്നു അവനോടുള്ള വിടപറച്ചിൽ.

ലൗകികസമ്പത്തും ദൈവസ്നേഹവും

നമ്മളും സന്തോഷത്തിനും, പൂർണ്ണമായും അർത്ഥവത്തായ ഒരു ജീവിതത്തിനും വേണ്ടിയുള്ള അടക്കാനാകാത്ത ആഗ്രഹം ഹൃദയത്തിൽ കൊണ്ടുനടക്കുന്നവരാണ്. എന്നാൽ, ഭൗതികവസ്തുക്കൾ സ്വന്തമാക്കുന്നതും ഈ ലോകത്തിന്റേതായ ഉറപ്പുകളുമാണ് അതിനുള്ള ഉത്തരമെന്ന മിഥ്യാധാരണയിൽ നാം വീണേക്കാം. എന്നാൽ, നാം യഥാർത്ഥത്തിൽ ആഗ്രഹിക്കുന്ന നന്മ ദൈവം തന്നെയാണെന്നും, അവന് നമ്മോടുള്ള സ്നേഹമാണെന്നും, അവന്, അവനുമാത്രം നൽകാൻ കഴിയുന്ന നിത്യജീവനാണെന്നുമുള്ള തിരിച്ചറിവിലേക്ക്, നമ്മുടെ ശരിയായ ആഗ്രഹത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരാനാണ് യേശു ആഗ്രഹിക്കുന്നത്. യഥാർത്ഥ സമ്പത്ത്, യേശു ആ മനുഷ്യനോട് ചെയ്യുന്നതുപോലെ, കർത്താവിനാൽ സ്നേഹത്തോടെ കടാക്ഷിക്കപ്പെടുക എന്നതാണ്, ഇതൊരു വലിയ സമ്പത്താണ്, എന്നതും നമ്മുടെ ജീവിതത്തെ മറ്റുള്ളവർക്കുള്ള ഒരു സമ്മാനമാക്കി മാറ്റിക്കൊണ്ട് പരസ്പരം സ്നേഹിക്കുന്നതുമാണ്. സഹോദരീസഹോദരങ്ങളേ, യേശു നമ്മോട് ധൈര്യപൂർവ്വം സ്നേഹിക്കാൻ ആഹ്വാനം ചെയ്യുന്നു: നമുക്കുള്ളതെല്ലാം വിറ്റ് പാവങ്ങൾക്ക് കൊടുക്കാൻ, അതായത്, നമ്മുടെ കപട സുരക്ഷിതത്വങ്ങളും, നമ്മെത്തന്നേയും ഉപേക്ഷിച്ച്, ആവശ്യങ്ങളുള്ളവരെക്കുറിച്ച് കരുതലോടെ, നമ്മുടെ സമ്പത്ത് പങ്കുവയ്ക്കുക, അതായത്, നമ്മുടെ വസ്തുക്കൾ മാത്രമല്ല, മറിച്ച്, നാം ആയിരിക്കുന്നവ, നമ്മുടെ കഴിവുകൾ, നമ്മുടെ സൗഹൃദം, നമ്മുടെ സമയം, തുടങ്ങിയവ.

പങ്കുവയ്ക്കപ്പെടേണ്ട ജീവിതം

സഹോദരീസഹോദരന്മാരെ, ആ ധനികനായ മനുഷ്യൻ ധൈര്യപൂർവ്വം മുന്നോട്ടിറങ്ങാൻ തയ്യാറായില്ല. എന്തിനാണ് അവൻ തയ്യാറാകാതിരുന്നത്? അവൻ സ്നേഹത്തെ അഭിമുഖീകരിക്കാൻ തയ്യാറാകാതെ, സങ്കടമുള്ള മുഖത്തോടെ തിരികെപ്പോയി. നമുക്ക് സ്വയം ചോദിക്കാം, എന്തിനോടാണ് എന്റെ ഹൃദയം അടുത്തിരിക്കുന്നത്? ജീവനും സന്തോഷത്തിനും വേണ്ടിയുള്ള നമ്മുടെ വിശപ്പിനെ നാം എങ്ങനെയാണ് തൃപ്തിപ്പെടുത്തുന്നത്? പാവപ്പെട്ടവരോടും, ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവരോടും, ആരെങ്കിലും ഒന്ന് തന്നെ ശ്രവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരോടും, ഒരു പുഞ്ചിരി ആഗ്രഹിക്കുന്നവരോടും, പ്രതീക്ഷ തിരികെ കണ്ടെത്താനായി സഹായിക്കുന്ന ഒരു വാക്കിനായി കാത്തിരിക്കുന്നവരോടും നമുക്കുള്ളത് പങ്കുവയ്ക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? നമുക്ക് ഇത് ഓർത്തിരിക്കാം: യഥാർത്ഥ സമ്പത്ത് ഈ ലോകത്തിന്റേതായ വസ്തുക്കളല്ല, യഥാർത്ഥ സമ്പത്ത് ദൈവത്താൽ സ്നേഹിക്കപ്പെടുകയെന്നതും, അവനെപ്പോലെ സ്നേഹിക്കാൻ പഠിക്കുകയെന്നതുമാണ്.

ഇനി, യേശുവിൽ നമ്മുടെ ജീവിതത്തിന്റെ നിധി കണ്ടെത്താൻ നമ്മെ സഹായിക്കാനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം നമുക്ക് അപേക്ഷിക്കാം എന്ന് പറഞ്ഞുകൊണ്ട് പാപ്പാ, ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.

 

മധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾ

ആശീർവാദത്തിനു ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ, മധ്യപൂർവ്വദേശങ്ങളിൽ നടന്നുവരുന്ന കാര്യങ്ങളെക്കുറിച്ചുള്ള തന്റെ ആശങ്ക അറിയിച്ചു. എല്ലായിടങ്ങളിലും ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്ന് പാപ്പാ ആവശ്യപ്പെട്ടു. നയതന്ത്രത്തിന്റെയും, സംവാദങ്ങളുടെയും മാർഗ്ഗത്തിലൂടെ സമാധാനം നേടുവാനായി പരിശ്രമിക്കാൻ പാപ്പാ നിർദ്ദേശിച്ചു.

പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന പാലസ്തീനായിലെയും, ഇസ്രയേലിലെയും ലെബനോനിലെയും ജനങ്ങളോടുള്ള തന്റെ സാമീപ്യം അറിയിച്ച പരിശുദ്ധ പിതാവ്, ആ പ്രദേശങ്ങളിലുള്ള ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയെ മാനിക്കാൻ ആവശ്യപ്പെട്ടു. തന്റെ പ്രാർത്ഥനകൾ ആക്രമണങ്ങളുടെ ഇരകളായവർക്കും, കുടിയൊഴിപ്പിക്കപ്പെട്ടവർക്കും, തടവിലാക്കപ്പെട്ടവർക്കും ഉറപ്പു നൽകിയ ഫ്രാൻസിസ് പാപ്പാ, ഇവർ എത്രയുംവേഗം മോചിതരാകട്ടെയെന്ന് ആശംസിച്ചു. വെറുപ്പിനാലും വൈരാഗ്യത്താലും ആരംഭിച്ച അർത്ഥമില്ലാത്ത ഈ സഹനം പെട്ടെന്ന് അവസാനിക്കട്ടെയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

യുദ്ധം എന്നത് ഒരു മിഥ്യയും പരാജയവുമാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇതൊരിക്കലും സമാധാനമോ സുരക്ഷിതത്വമോ കൊണ്ടുവരില്ല എന്നും, ഇത് എല്ലാവരുടെയും, പ്രത്യേകിച്ച് തങ്ങൾ അജയ്യരാണെന്ന് കരുതുന്നവരുടെ പരാജയമാണെന്ന് പ്രസ്താവിച്ചു. ദയവായി യുദ്ധങ്ങൾ അവസാനിപ്പിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

റഷ്യ-ഉക്രൈൻ സംഘർഷം

ഉക്രൈനിലെ സാധാരണ ജനത്തിന് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, വരുന്ന കൊടും തണുപ്പിൽ മരിക്കാനായി അവരെ വിട്ടുകൊടുക്കരുതെന്നും, സാധാരണജനത്തിനുനേരെയുള്ള വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. നിഷ്കളങ്കരായ ആളുകളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് എന്ന് പാപ്പാ അഭ്യർത്ഥിച്ചു.

ഹൈത്തി

തങ്ങളുടെ വീടുകളിൽനിന്ന് ഇറങ്ങാൻ നിർബന്ധിതരാകുന്ന വിധത്തിൽ ഹൈത്തിയിലെ സാധാരണജനങ്ങൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ താൻ അറിയുന്നുണ്ടെന്ന് വ്യക്തമാക്കിയ പാപ്പാ, ഈ സഹോദരങ്ങളെ നമുക്ക് മറക്കാതിരിക്കാമെന്ന് പറഞ്ഞു. അവിടെയുള്ള എല്ലാത്തരം അതിക്രമങ്ങളും അവസാനിക്കാൻ വേണ്ടി പ്രാർത്ഥിക്കാനും, അന്താരാഷ്ട്രസമൂഹത്തിന്റെ സഹായത്തോടെ സമാധാനത്തിനായും, രാജ്യത്ത്, ഏവരുടെയും അന്തസ്സും അവകാശങ്ങളും മാനിച്ചുകൊണ്ട്, അനുരഞ്ജനം സാധ്യമാക്കാൻ വേണ്ടി പരിശ്രമിക്കാനും പാപ്പാ അഭ്യർത്ഥന നടത്തി.

പൊതു സമൂഹം, ഉർബാനിയൻ കോളേജ്

വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന ഏവരെയും അഭിവാദ്യം ചെയ്ത പാപ്പാ, പ്രൊപ്പഗാന്താ ഫീദേയുടെ കീഴിലുള്ള ഉർബാനിയൻ കോളേജിൽ പുതുതായി വന്ന സെമിനാരിക്കാരുടെ കാര്യം പ്രത്യേകം പരാമർശിച്ചു.

"ക്ലേശിക്കുന്ന സഭയ്ക്കുള്ള സഹായം" എന്ന പ്രസ്ഥാനം മുന്നോട്ടുവച്ച ഒക്ടോബർ പതിനെട്ടിന് "ലോകസമാധാനത്തിനായി പത്തുലക്ഷം കുട്ടികൾ ജപമാല ചൊല്ലുക" എന്ന പദ്ധതിയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന കുട്ടികൾക്ക് നന്ദി പറഞ്ഞ പാപ്പാ, ഫാത്തിമയിൽ പരിശുദ്ധ 'അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ വാർഷികമാണ് ഒക്ടോബർ 13 എന്നത് പ്രത്യേകം അനുസ്മരിച്ചു. ഉക്രൈൻ, മ്യാന്മാർ, സുഡാൻ എന്നീ രാജ്യങ്ങളെയും സഹനങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ ജനത്തെയും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിന് സമർപ്പിക്കാമെന്ന് പപ്പ പറഞ്ഞു.

ഏവർക്കും നല്ലൊരു ഞായറാഴ്ച ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്ത പാപ്പാ, ഏവർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് പാപ്പാ ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 October 2024, 16:23

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >