ദരിദ്രരിൽ യേശുവിനെ കണ്ടു ശുശ്രൂഷിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഒക്ടോബർ ഇരുപത്തിയേഴാം തീയതി ഞായറാഴ്‌ച മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ ത്രികാലജപപ്രാർത്ഥന നയിച്ചു. ഇതിൽ പങ്കുകൊള്ളുന്നതിന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിനകത്തും പുറത്തുമായി ഇറ്റലിക്കാരും മറ്റു രാജ്യക്കാരുമായ ആയിരക്കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചകഴിഞ്ഞ് 4.30-ന്, പാപ്പാ, പതിവുപോലെ, അപ്പസ്തോലിക കൊട്ടാരത്തിന്റെ ജാലകത്തിങ്കൽ എത്തിയപ്പോൾ തീർത്ഥാടകരും സന്ദർശകരുമായെത്തിയ ജനസമൂഹം ആനന്ദാരവങ്ങൾ ഉയർത്തി. ലത്തീൻ ആരാധനാക്രമപ്രകാരം ഈ ഞായറാഴ്ചയിലെ വിശുദ്ധബലിമധ്യേ വായിക്കപ്പെട്ട, വിശുദ്ധ മർക്കോസിന്റെ സുവിശേഷം പത്താം അദ്ധ്യായം നാൽപ്പത്തിയാറുമുതൽ അൻപത്തിരണ്ടുവരെയുള്ള ഭാഗത്ത് യേശു ബർതിമേയൂസിനു കാഴ്ച നൽകുന്നതുമായി ബന്ധപ്പെട്ട തിരുവചനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പാപ്പാ ത്രികാലജപപ്രാർത്ഥനയോടനുബന്ധിച്ചുള്ള തന്റെ പ്രഭാഷണം നടത്തിയത്.
ബർതിമേയൂസും യേശുവും
ഇറ്റാലിയൻ ഭാഷയിലായിരുന്ന പാപ്പായുടെ പ്രഭാഷണം ഇപ്രകാരമായിരുന്നു.
പ്രിയ സഹോദരീസഹോദരന്മാരെ, ശുഭഞായർ!
ആരാധനാക്രമപ്രകാരമുള്ള ഇന്നത്തെ സുവിശേഷഭാഗം (മർക്കോസ് 10, 46-52) , ഒരു മനുഷ്യനെ അവന്റെ അന്ധതയിൽനിന്ന് സൗഖ്യപ്പെടുത്തുന്ന യേശുവിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അവന്റെ പേര് ബർതിമേയൂസ് എന്നാണ്. അവൻ ഒരു പാവം യാചകനായതിനാൽ വഴിയിലുള്ള ജനക്കൂട്ടം അവനെ അവഗണിക്കുന്നു. അവനെ കാണാൻ ആ ജനത്തിന് കണ്ണുകളില്ല. അവർ അവനെ അവഗണിക്കുന്നു. കരുതലിന്റെയോ, സഹാനുഭൂതിയുടേതോ ആയ ഒരു നോട്ടവും അവനുനേരെ വരുന്നില്ല. ബർതിമേയൂസും ഒന്നും കാണുന്നില്ല, പക്ഷെ അവൻ മറ്റുള്ളവരെ കേൾക്കുന്നുണ്ട്, അവൻ ശബ്ദമുയർത്തുന്നുണ്ട്. അവൻ ഉച്ചത്തിൽ നിലവിളിക്കുന്നു: "ദാവീദിന്റെ പുത്രനായ യേശുവേ, എന്നിൽ കണിയണമേ!" (വ. 47). യേശു അവനെ കേൾക്കുകയും കാണുകയും ചെയ്യുന്നു, അവൻ ആ മനുഷ്യനോട്, "ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?" എന്ന് ചോദിക്കുന്നു (വ. 51).
യേശു നിനക്ക് ആരാണ്
"ഞാൻ നിനക്കുവേണ്ടി എന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?" അന്ധനായ ഒരു മനുഷ്യന്റെ മുന്നിൽ ഒരു പ്രകോപനം പോലെയാണ് ഈ ചോദ്യം അനുഭവപ്പെടുക, എന്നാൽ ഇത് ഒരു പരീക്ഷണമാണ്. അവൻ യഥാർത്ഥത്തിൽ ആരെ, എന്ത് കാരണം കൊണ്ടാണ് അന്വേഷിക്കുന്നതെന്നാണ് യേശു ബർതിമേയൂസിനോട് ചോദിക്കുന്നത്. നിനക്ക് "ദാവീദിന്റെ പുത്രൻ" ആരാണ്? ഇങ്ങനെയാണ് കർത്താവ് അന്ധന്റെ കണ്ണുകൾ തുറക്കാൻ ആരംഭിക്കുന്നത്. ഒരു പരസ്പരസംഭാഷണമായി മാറുന്ന ഈയൊരു കണ്ടുമുട്ടലിലെ മൂന്ന് കാര്യങ്ങൾ നമുക്ക് നോക്കാം: നിലവിളി, വിശ്വാസം, അനുഗമനം.
ബർതിമേയൂസിന്റെ നിലവിളി
ആദ്യമേതന്നെ ബർതിമേയൂസിന്റെ നിലവിളി. ഇത് സഹായത്തിനായുള്ള വെറുമൊരു അപേക്ഷയല്ല. ഇത് സമൂഹത്തിൽ തന്റെ സ്ഥാനം അവകാശപ്പെടുന്ന ഒരു പ്രക്രിയയാണ്. താനും ഇവിടെയുണ്ടെന്നും, തന്നിലേക്ക് ശ്രദ്ധ തിരിക്കാനും അന്ധനായ ആ മനുഷ്യൻ ഏവരോടും പറയുകയാണ്. യേശുവേ എനിക്ക് നിന്നെ കാണാനാവുന്നില്ല. നീ എന്നെ കാണുന്നുണ്ടോ? യേശു യാചകനായ ആ മനുഷ്യനെ കാണുന്നുണ്ട്, അവനെ തന്റെ ശാരീരത്തിന്റെയും ഹൃദയത്തിന്റെയും ചെവികൾ കൊണ്ട് കേൾക്കുന്നുണ്ട്. നമുക്ക് നമ്മെക്കുറിച്ച് തന്നെ ഒന്ന് ചിന്തിക്കാം. വഴിയോരത്ത് ഏതെങ്കിലും യാചകന്റെ അടുത്തുകൂടി പോകുമ്പോൾ, നാം എത്ര തവണ മറ്റെങ്ങോട്ടെങ്കിലും മുഖം തിരിച്ച് കടന്നുപോകാറുണ്ട്? അങ്ങനെയൊരാൾ അവിടെ ഇല്ല എന്ന രീതിയിൽ എത്ര തവണ നാം അവനെ അവഗണിക്കാറുണ്ട്? നാം യാചകരുടെ നിലവിളി കേൾക്കാറുണ്ടോ?
ബർതിമേയൂസിന്റെ വിശ്വാസം
രണ്ടാമത്തെ വിഷയം വിശ്വാസമാണ്. യേശു എന്താണ് പറയുക? "നീ പൊയ്ക്കൊള്ളുക, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു" (വ 52). ബർതിമേയൂസിന് കാഴ്ച ലഭിക്കുന്നു, കാരണം അവൻ വിശ്വസിക്കുന്നു; ക്രിസ്തുവാണ് അവന്റെ കണ്ണുകളുടെ വെളിച്ചം. ബർതിമേയൂസ് തന്നെ എങ്ങനെയാണ് നോക്കുന്നതെന്ന് കർത്താവ് ശ്രദ്ധിക്കുന്നുണ്ട്. ഞാൻ എങ്ങനെയാണ് ഒരു യാചകനെ കാണുന്നത്? ഞാൻ അവനെ അവഗണിക്കുന്നുണ്ടോ? യേശുവിനെപ്പോലെ അവനെ കാണാൻ എനിക്ക് സാധിക്കുന്നുണ്ടോ? അവന്റെ ചോദ്യങ്ങളും സഹായത്തിനായുള്ള നിലവിളിയും മനസ്സിലാക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ? ഭിക്ഷ കൊടുക്കുമ്പോൾ നീ യാചകന്റെ കണ്ണുകളിൽ നോക്കാറുണ്ടോ? അവനെ തൊട്ടറിയുവാനായി നീ അവന്റെ കൈകളിൽ സ്പർശിക്കാറുണ്ടോ?
യേശുവിന് പിന്നാലെയുള്ള അനുഗമനം
അവസാനമായി അനുഗമനം: സൗഖ്യപ്പെട്ട ബർതിമേയൂസ് "വഴിയിലൂടെ യേശുവിനെ അനുഗമിച്ചു" (വ. 52). നാം ഓരോരുത്തരും ഉള്ളിൽ അന്ധരായ, ഒരിക്കൽ യേശുവിനോടടുത്തെത്തിക്കഴിഞ്ഞാൽ അവനെ പിഞ്ചെല്ലുന്ന, ബർതിമേയൂസാണ്. ഒരു പാവപ്പെട്ടവന്റെ അടുത്തെത്തി, നീ അവന് സമീപസ്ഥനാണെന്ന് മനസ്സിലാക്കിക്കൊടുക്കുമ്പോൾ, യേശുവാണ് ആ പാവപ്പെട്ട മനുഷ്യനിലൂടെ നിന്റെ അടുത്തേക്കെത്തുന്നത്. ഭിക്ഷ എന്നാൽ ദാനമല്ല എന്ന് നമുക്ക് മനസിലാക്കാം. ഭിക്ഷ കൊടുക്കുമ്പോൾ അത് നൽകുന്നയാൾക്കാണ് കൂടുതൽ കൃപ ലഭിക്കുന്നത്, കാരണം കർത്താവിന്റെ കണ്ണുകളാൽ നോക്കപ്പെടാൻ അവൻ തന്നെത്തന്നെ വിട്ടുകൊടുക്കുന്നു.
നമ്മുടെ വിശ്വാസയാത്ര ക്രിസ്തുവിന്റെ വെളിച്ചത്തിൽ കാത്തുസൂക്ഷിക്കുന്നതിനായി രക്ഷയുടെ അരുണോദയമായ പരിശുദ്ധ അമ്മയോടൊത്ത് പ്രാർത്ഥിക്കാം, എന്ന് പറഞ്ഞുകൊണ്ട് പാപ്പാ, ത്രികാലജപപ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയുടെ അവസാനം ഏവർക്കും ആശീർവ്വാദം നല്കുകയും ചെയ്തു.
സിനഡ്, മതാന്തരസംവാദങ്ങൾ, നോസ്ത്ര എത്താത്തെ
ആശീർവാദത്തിനു ശേഷം തന്റെ വാക്കുകൾ തുടർന്ന പാപ്പാ,
വത്തിക്കാനിൽ നടന്നുവന്നിരുന്ന മെത്രാന്മാരുടെ സിനഡ് ഒക്ടോബർ ഇരുപത്തിയേഴിന് അവസാനിച്ചത് അനുസ്മരിക്കുകയും, സിനഡിൽ കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത കാര്യങ്ങൾ സഭയുടെ നന്മയ്ക്കായി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്‌തു.
വിശുദ്ധ പോൾ ആറാമൻ പാപ്പാ യഹൂദമതവുമായുള്ള ബന്ധത്തിനായുള്ള കമ്മീഷൻ സ്ഥാപിച്ചതിന്റെ അൻപതാം വാർഷികമായിരുന്നു ഒക്ടോബർ 22-നെന്നതും വത്തിക്കാൻ കൗൺസിലെ നോസ്ത്ര എത്താത്തെയുടെ അറുപതാം വാർഷികമാണ് ഒക്ടോബർ 28 തിങ്കളാഴ്ച എന്നതും പാപ്പാ അനുസ്മരിച്ചു. വലിയ പീഡനങ്ങളുടെയും സംഘർഷങ്ങളുടെയും ഇക്കാലത്ത്, സംവാദങ്ങൾക്കും സമാധാനത്തിനുമായി പ്രാദേശിക തലങ്ങളിൽ പരിശ്രമിക്കുന്ന ഏവർക്കും പാപ്പാ ധൈര്യം പകർന്നു.
ലോകസമാധാനവും യുദ്ധങ്ങളും
ജനീവ കരാറിന്റെ എഴുപത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട്, റെഡ് ക്രോസ്സ്, റെഡ്ക്രെസന്റ് സൊസൈറ്റി ജനീവയിൽ അന്താരാഷ്ട്ര കോൺഫറൻസ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, സായുധസംഘർഷങ്ങളിൽ അന്താരാഷ്ട്ര മനുഷ്യാവകാശനിയമമനുസരിച്ച് മനുഷ്യരുടെ ജീവനും അന്തസ്സും മാനിക്കപ്പെടുന്നതിനും, പൊതുമേഖലാസ്ഥാപനങ്ങളും ആരാധനാലയങ്ങളും സംരക്ഷിക്കപ്പെടുന്നതിനുമായി മനുഷ്യമനഃസാക്ഷിയെ ഉണർത്താൻ ഇത്തരം പരിപാടികൾക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചു. യുദ്ധങ്ങളുമായി ബന്ധപ്പെട്ട്, ചിലയിടങ്ങളിൽ ആശുപത്രികളും സ്‌കൂളുകളും തകർക്കപ്പെടുന്നത് ദുഃഖകരമാണെന്ന് പാപ്പാ അപലപിച്ചു.
ഫാ. മർച്ചെല്ലോ പേരെസ്
കഴിഞ്ഞ ഞായറാഴ്ച മെക്സിക്കോയിലെ ചാപ്പാസിൽ മർച്ചെല്ലോ പേരെസ് എന്ന വൈദികൻ കൊല്ലപ്പെട്ടതിൽ പാപ്പാ തന്റെ ദുഃഖം അറിയിച്ചു. തീക്ഷ്ണതയുള്ള ഒരു സുവിശേഷപ്രഘോഷകനായിരുന്നു അദ്ദേഹമെന്ന് അനുസ്മരിച്ച പാപ്പാ, അജപാലനസേവനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട അദ്ദേഹത്തിന്റെയും മറ്റു വൈദികരുടെയും ജീവിതങ്ങൾ സമാധാനത്തിന്റെയും, ക്രൈസ്തവജീവിതത്തിന്റെയും വിത്തായി മാറട്ടെയെന്ന് ആശംസിച്ചു.
ഫിലിപ്പീൻസ്
ഫിലിപ്പീൻസിൽ കഴിഞ്ഞ ദിവസം വീശിയടിച്ച ചുഴലിക്കാറ്റിൽ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന് അനുസ്മരിച്ച പാപ്പാ, വലിയ വിശ്വാസമുള്ള ആ ജനതയെ ദൈവം കാക്കട്ടെയെന്ന് പ്രാർത്ഥിച്ചു.
ലോകവും യുദ്ധങ്ങളും സമാധാനവും
സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ തുടരാൻ ഏവരെയും ക്ഷണിച്ച പാപ്പാ, ഉക്രൈൻ, പാലസ്തീന, ഇസ്രായേൽ, ലെബനോൻ എന്നിവടങ്ങളെ പ്രത്യേകം പരാമർശിക്കുകയും, വിശുദ്ധമായ മനുഷ്യജീവന് ഏവരും പ്രാധാന്യം കൊടുക്കട്ടെയെന്നും അതുവഴി, നിലവിലെ തീവ്രയുദ്ധത്തിന് അറുതി വരട്ടെയെന്നും ആശംസിച്ചു. ആക്രമണങ്ങളുടെ ആദ്യ ഇരകൾ പൊതുജനമാണെന്ന് നാം അനുദിനം കണ്ടുകൊണ്ടിരിക്കുകയാണെന്നും ഒരുപാട് നിഷ്കളങ്കരും കുട്ടികളുമാണ് കൊല്ലപ്പെടുന്നതെന്നും പറഞ്ഞ പാപ്പാ സമാധാനത്തിനായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.
ഏവർക്കും നല്ലൊരു ഞായറാഴ്ച ആശംസിക്കുകയും, തനിക്കുവേണ്ടി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്ത പാപ്പാ, നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: