ഐക്യം സംജാതമാകുന്നുതിന് ദൈവത്തെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പ്രഭാഷണം: സഭയുടെ സാർവ്വത്രികതയും ഐക്യവും സംജാതമാക്കുന്നത് പരിശുദ്ധാരൂപി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പതിവുപോലെ ഈ ബുധനാഴ്ചയും (09/10/24) ഫ്രാൻസീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമുൾപ്പടെ ഇരുപത്തിയയ്യായിരത്തിലേറെ പേർ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ ബസിലിക്കാങ്കണത്തിൽ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.
തന്നോടൊപ്പം, ഏതാനും കുട്ടികളെ വാഹനത്തിൽ കയറ്റി ജനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് അവർക്കിടയിലൂടെ നീങ്ങിയ പാപ്പാ, പ്രസംഗ വേദിയിലേക്കു നയിക്കുന്ന പടവുകൾക്കടുത്തു വച്ച് കുട്ടികളെ വണ്ടിയിൽ നിന്നിറക്കി. തുടർന്ന് വാഹനം പടവുകൾ കയറി വേദിക്കരികിലെത്തിയപ്പോൾ പാപ്പാ അതിൽ നിന്നിറങ്ങുകയും റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 12.30-നു ശേഷം, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.
പത്രോസ് പറഞ്ഞു “ഞാൻ അവരോടു പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ, മുമ്പ് നമ്മുടെ മേൽ എന്നതുപോലെതന്നെ അവരുടെമേലും പരിശുദ്ധാത്മാവു വന്നു. അപ്പോൾ ഞാൻ കർത്താവിൻറെ വാക്കുകൾ ഓർത്തു: യോഹന്നാൻ ജലംകൊണ്ടു സ്നാനം നല്കി; നിങ്ങളാകട്ടെ പരിശുദ്ധാത്മാവിനാൽ സ്നാനമേൽക്കും. നാം യേശുക്രിസിതുവിൽ വിശ്വസിച്ചപ്പോൾ ദൈവം നമുക്കു നല്കിയ അതേ ദാനം അവർക്കും അവിടന്നു നല്കിയെങ്കിൽ ദൈവത്തെ തടസപ്പെടുത്താൻ ഞാൻ ആരാണ്?” അപ്പൊസ്തോലപ്രവർത്തനങ്ങൾ, അദ്ധ്യായം 11,15-17 വരെയുള്ള വാക്യങ്ങൾ.
ഈ വായനയ്ക്കു ശേഷം പാപ്പാ, താൻ പരിശുദ്ധാരൂപിയെ അധികരിച്ച് നടത്തിപ്പോന്നിരുന്ന പ്രബോധന പരമ്പര തുടർന്നു. "ആത്മാവും മണവാട്ടിയും. നമ്മുടെ പ്രത്യാശയായ യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പരിശുദ്ധാരൂപി ദൈവജനത്തെ നയിക്കുന്നു” എന്ന പ്രമേയം വിചിന്തനത്തിനായി സ്വീകരിച്ചിരിക്കുന്ന പാപ്പായുടെ പ്രഭാഷണത്തിനവലംബം, അപ്പൊസ്തോല പ്രവർത്തനങ്ങളിൽ പതിനൊന്നാം അദ്ധ്യായത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന സംഭവം, അതായത്, പരിച്ഛേദനവാദികളുടെ വിമർശനത്തിന് പത്രോസ് മറുപടിയേകുന്ന വേളയിൽ അവൻറെ ശ്രോതാക്കളുടെ മേൽ പരിശുദ്ധാത്മാവ് വന്ന സംഭവം, ആയിരുന്നു. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

സഭയുടെ സാർവ്വത്രികതയും ഐക്യവും

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!
പരിശുദ്ധാത്മാവിനെയും സഭയെയും കുറിച്ചുള്ള നമ്മുടെ പരിചിന്തനത്തിന്, ഇന്ന് നാം അവലംബമാക്കുന്നത് അപ്പോസ്തലപ്രവർത്തന പുസ്തകമാണ്.
പെന്തക്കോസ്‌താവേളയിൽ പരിശുദ്ധാത്മാവ് ഇറങ്ങിവരുന്ന സംഭവാഖ്യാനം ആരംഭിക്കുന്നത് ചില മുന്നൊരുക്ക അടയാളങ്ങളുടെ വിവരണത്തോടെയാണ് – അതായത്, ഇടിമുഴക്കത്തോടെയുള്ള കാറ്റും അഗ്നി നാവുകളും - എന്നാൽ അതിൻറെ സമാപനം കാണുക ഈ പ്രസ്താവനയിലാണ്: "അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു" (നടപടിപ്പുസ്തകം 2, 4). സഭയുടെ സാർവ്വത്രികതയും ഐക്യവും ഉറപ്പാക്കുന്നത് പരിശുദ്ധാത്മാവാണെന്ന് അപ്പോസ്തല പ്രവർത്തനപ്പുസ്തത്തിൻറെ രചയിതാവായ വിശുദ്ധ ലൂക്കാ എടുത്തുകാണിക്കുന്നു. "പരിശുദ്ധാത്മാവിനാൽ നിറഞ്ഞതിൻറെ" ഉടനടിയുള്ള ഫലം, അപ്പോസ്തലന്മാർ "അന്യഭാഷകളിൽ സംസാരിക്കാൻ തുടങ്ങി" എന്നതും ജനക്കൂട്ടത്തോട് യേശുക്രിസ്തുവിനെ പ്രഘോഷിക്കാൻ അവർ സെഹിയോൻ ശാല വിട്ടു പുറത്തേക്കിറങ്ങുകയും ചെയ്തു എന്നതുമാണ് (അപ്പോസ്തലപ്രവർത്തനങ്ങൾ 2:4 മുതലുള്ള വചനങ്ങൾ കാണുക).
അങ്ങനെ, ലൂക്കാ, സകല ജനങ്ങൾക്കും ഇടയിലുള്ള ഒരു നൂതന ഐക്യത്തിൻറെ അടയാളമായി, സഭയുടെ സാർവ്വത്രിക ദൗത്യം ഉയർത്തിക്കാട്ടാൻ അഭിലഷിച്ചു. പരിശുദ്ധാത്മാവ് ഐക്യത്തിനായി രണ്ട് തരത്തിൽ പ്രവർത്തിക്കുന്നതായി നാം കാണുന്നു. ഒരു വശത്ത്, എന്നും, കൂടുതൽ ആളുകളെയും ജനതകളെയും സ്വാഗതം ചെയ്യാൻ സഭയ്ക്കു കഴിയുന്നതിന് അത് അവളെ പുറത്തേക്ക് തള്ളിവിടുന്നു; മറുവശത്താകട്ടെ, നേടിയ ഐക്യം ഏകീകരിക്കാൻ അവളെ അവളുടെ ഉള്ളിൽ ഒന്നാക്കുന്നു. സാർവലൗകികതയിൽ സ്വയം വ്യാപിക്കാനും ഐക്യത്തിൽ സ്വയം ഒന്നായിരിക്കാനും ആത്മാവ് അവളെ പഠിപ്പിക്കുന്നു.

സാർവ്വത്രികത

രണ്ട് ചലനാത്മകതകളിൽ ആദ്യത്തേത് - സാർവ്വത്രികത – അപ്പൊസ്തോല പ്രവർത്തനം 10-ാം അദ്ധ്യായത്തിൽ, കൊർണേലിയസിൻറെ മാനസാന്തരസംഭവത്തിൽ നാം കാണുന്നു. പെന്തക്കോസ്ത നാളിൽ അപ്പോസ്തലന്മാർ എല്ലാ യഹൂദരോടും, ഏതു ജനതയിൽപ്പട്ടവരായിരുന്നാലും മോശയുടെ നിയമം പാലിച്ചിരുന്നവരോടും, ക്രിസ്തുവിനെ പ്രഘോഷിച്ചു. ചക്രവാളം വിശാലമാക്കാനും യഹൂദർക്കും വിജാതീയർക്കും ഇടയിലുള്ള അവസാനത്തെ തടസ്സം ഇല്ലാതാക്കാനും അപ്പോസ്തലന്മാരെ പ്രേരിപ്പിക്കാൻ, ആദ്യത്തേതിന് സമാനമായ മറ്റൊരു "പെന്തക്കോസ്ത", ശതാധിപനായ കൊർണേലിയസിൻറെ ഭവനത്തിൽ, വേണ്ടിവന്നു (അപ്പൊസ്തോലപ്രവർത്തനങ്ങൾ 10-11 കാണുക. )
ഈ വംശീയ വികാസത്തോട് ഭൂമിശാസ്ത്രപരമായ വികാസവും സമന്വയിപ്പിക്കപ്പെടുന്നു. അപ്പൊസ്തോലപ്രവർത്തനങ്ങിൽ നാം വായിക്കുന്നു (16.6-10 കാണുക) പൗലോസ് ഏഷ്യാമൈനറിലെ ഒരു പുതിയ പ്രദേശത്ത് സുവിശേഷം പ്രഘോഷിക്കാൻ ആഗ്രഹിച്ചു; എന്നാൽ, "പരിശുദ്ധാത്മാവ് അവനെ തടഞ്ഞു" എന്ന് എഴുതപ്പെട്ടിരിക്കുന്നു; അവൻ ബിഥീനിയയിലേക്ക് പോകാൻ ആഗ്രഹിച്ചു "എന്നാൽ യേശുവിൻറെ ആത്മാവ് അതിനനുവദിച്ചില്ല". ആത്മാവിൻറെ ഈ ആശ്ചര്യകരമായ വിലക്കുകളുടെ കാരണം ഉടനടി കാണാനവുന്നു: അടുത്ത രാത്രിയിൽ അപ്പോസ്തലന് മാസിഡോണിയയിലേക്ക് പോകാനുള്ള ഒരു ഉത്തരവ് സ്വപ്നത്തിൽ ലഭിക്കുന്നു. അങ്ങനെ സുവിശേഷം അതിൻറെ ജന്മദേശമായ ഏഷ്യ വിട്ട് യൂറോപ്പിൽ പ്രവേശിച്ചു.

ഐക്യം

പരിശുദ്ധാത്മാവിൻറെ രണ്ടാമത്തെ ചലനം - ഐക്യം സൃഷ്ടിക്കുന്നതായ ഒന്ന് – നടക്കുന്നത് അപ്പൊസ്തോല പ്രവർത്തനം 15-ാം അദ്ധ്യായത്തിൽ, ജറുസലേം സൂനഹദോസ് എന്ന് പറയപ്പെടുന്നതിൻറെ വികാസപരിണാമത്തിൽ നാം കാണുന്നു. നേടിയെടുത്ത സാർവ്വലൗകികത സഭയുടെ ഐക്യത്തിന് കോട്ടം വരുത്തുന്നില്ലെന്ന് എങ്ങനെ ഉറപ്പുവരുത്താം എന്നതാണ് പ്രശ്നം. പെന്തക്കോസ്‌ത കാലത്തെന്നപോലെ അത്ഭുതകരവും നിർണ്ണായകവുമായ ഇടപെടലുകളിലൂടെ പരിശുദ്ധാത്മാവ് എല്ലായ്‌പ്പോഴും പെട്ടെന്ന് ഐക്യം കൊണ്ടുവരുന്നില്ല. മിക്കപ്പോഴും, സമയത്തെയും മാനുഷികമായ വൈവിധ്യങ്ങളെയും മാനിച്ചുകൊണ്ട് വിവേകപൂർവ്വമായ പ്രവർത്തനത്തിലൂടെയും ആളുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും കടന്ന് പ്രാർത്ഥനയും ചർച്ചയും വഴിയും പരിശുദ്ധാത്മാവ് അത് നിർവ്വഹിക്കുന്നു. സിനഡാത്മക രീതിയിൽ, എന്ന് ഇന്ന് നമുക്ക് പറയാനാകും. വാസ്തവത്തിൽ, മോശയുടെ നിയമവ്യവസ്ഥകളെ സംബന്ധിച്ച് ജറുസലേം സൂനഹദോസിൽ സംഭവിച്ചത് ഇങ്ങനെയാണ്. "പരിശുദ്ധാത്മാവും ഞങ്ങളും തീരുമാനിച്ചു..." (അപ്പൊസ്തോല പ്രവർത്തനങ്ങൾ 15:28) എന്ന ശ്രദ്ധേയമായ വാക്കുകളോടെയാണ് അതിൻറെ പരിഹാരം മുഴുവൻ സഭയോടും പ്രഖ്യാപിക്കപ്പെട്ടത്.
പരിശുദ്ധാത്മാവ് സാദ്ധ്യമാക്കിയ ഐക്യത്തെ വിശുദ്ധ അഗസ്റ്റിൻ ചിരസമ്മതമായ ഒരു സാദൃശ്യത്തിലൂടെ വിശദീകരിക്കുന്നു: "ആത്മാവ് മനുഷ്യശരീരത്തിന് എന്തായിരിക്കുന്നുവോ, അതുപോലെയാണ് പരിശുദ്ധാത്മാവ് സഭയാകുന്ന ക്രിസ്തുഗാത്രത്തിന്." ഈ സാദൃശ്യം സുപ്രധാനമായ ഒരു കാര്യം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. പരിശുദ്ധാത്മാവ് പുറത്ത് നിന്ന് സഭയുടെ ഐക്യം കൊണ്ടുവരുന്നില്ല; ഐക്യപ്പെടാൻ നമ്മോടു കൽപ്പിക്കുന്നിതിൽ ആത്മാവ് ഒതുങ്ങി നില്ക്കുന്നില്ല. അവൻ തന്നെയാണ് "ഐക്യത്തിൻറെ ഉടമ്പടി". അവനാണ് സഭയുടെ ഐക്യം സംജാതമാക്കുന്നത്.

ജീവിതവും ഐക്യവും

എല്ലായ്‌പ്പോഴും എന്നപോലെ, ആകമാനസഭയിൽ നിന്ന് നമ്മിൽ ഓരോരുത്തരിലേക്കും നീങ്ങാൻ സഹായിക്കുന്ന ഒരു ചിന്തയോടെ നമുക്ക് ഉപസംഹരിക്കാം. സഭയുടെ ഐക്യം എന്നത് ആളുകൾ തമ്മിലുള്ള ഐക്യമാണ്, അത് ഒരു മേശയിലല്ല, മറിച്ച്, ജീവിതത്തിലാണ് സാക്ഷാത്ക്കരിക്കപ്പെടുക. നാമെല്ലാവരും ഐക്യം ആഗ്രഹിക്കുന്നു, നാമെല്ലാവരും അത് നമ്മുടെ ഹൃദയത്തിൻറെ അഗാധതയിൽ നിന്ന് അഭിലഷിക്കുന്നു; എന്നിട്ടും അത് നേടുകയെന്നത് വളരെ ബുദ്ധിമുട്ടാണ്, വിവാഹജീവിതത്തിലും കുടുംബത്തിലും പോലും, ഐക്യം നേടിയെടുക്കുക, അതിലുപരി നിലനിർത്തുക, ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിൽ ഒന്നാണ്.

ദൈവം കേന്ദ്രസ്ഥാനത്തു വരണം

അതിനു കാരണം, എല്ലാവരും അവനവൻറെ വീക്ഷണമനുസരിച്ചുള്ള ഐക്യം ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അവൻറെ മുന്നിലുള്ളവനും അപ്രകാരംതന്നെ സ്വന്തം കാഴ്ചപ്പാടിനെക്കുറിച്ചു തന്നെയാണ് ചിന്തിക്കുന്നതെന്ന് ചിന്തിക്കാതെയാണ്. ഈ രീതിയിലാണെങ്കിൽ, ഐക്യം അകന്നുപോകയാല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ജീവൻറെ ഐക്യം, ആത്മാവിനനുസൃതമുള്ള പെന്തക്കോസ്ത ഐക്യം സാദ്ധ്യമാകുക, അവനവനെയല്ല, ദൈവത്തെ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമിക്കുമ്പോഴാണ്. ക്രിസ്ത്യാനികളുടെ ഐക്യവും ഈ രീതിയിലാണ് കെട്ടിപ്പടുക്കപ്പെടുക: നമ്മൾ എവിടെയാണോ അവിടെ മറ്റുള്ളവർ എത്തുന്നതുവരെ കാത്തിരിക്കുകയല്ല, മറിച്ച്, ക്രിസ്തുവിലേക്ക് ഒത്തൊരുമിച്ചു ഒരുമിച്ച് നീങ്ങുകയാണത്. ഐക്യത്തിൻറെയും സമാധാനത്തിൻറെയും ഉപകരണങ്ങളാകാൻ നമ്മെ സഹായിക്കുന്നതിന് നമുക്ക് പരിശുദ്ധാത്മാവിനോട് അപേക്ഷിക്കാം.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം യുവതീയുവാക്കളെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. കൊന്തനമസ്ക്കാരത്തിനായുള്ള സവിശേഷ മാസമാണ് ഒക്ടോബർ എന്ന് പ്രത്യേകം അനുസ്മരിച്ച പാപ്പാ പരമ്പരാഗത മരിയൻ പ്രാർത്ഥനായ കൊന്തനമസ്കാരത്തെ വിലമതിക്കാനുള്ള വിലയേറിയ അവസരമായി ഇതു മാറട്ടെയെന്ന് ആശംസിച്ചു. മറിയത്തിൻറെ കരങ്ങളിൽ വിശ്വാസത്തോടെ സമർപ്പിച്ചുകൊണ്ട് അനുദിനം കൊന്തനമസ്കാരം ചൊല്ലാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു.

യുദ്ധവേദികളിൽ സമാധാനത്തിന്  പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടുക

ഭ്രാന്തമായ യുദ്ധത്തിൻറെ ദുരന്തം അനുഭവിക്കുന്നവരുടെ, പ്രത്യേകിച്ച്, പീഢിത ഉക്രൈയിനിലും പലസ്തീനിലും ഇസ്രായേലിലും മ്യന്മാറിലും സുഡാനിലുമുള്ള ജനങ്ങളുടെ സഹനങ്ങളും സമാധാനഭിവാഞ്ഛയും കരുതലുള്ള ആ അമ്മയ്ക്ക് സമർപ്പിക്കാൻ പാപ്പാ ക്ഷണിച്ചു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2024, 11:45

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >