ത്രികാലജപപ്രാർത്ഥനാമധ്യേ ഫ്രാൻസിസ് പാപ്പാ ത്രികാലജപപ്രാർത്ഥനാമധ്യേ ഫ്രാൻസിസ് പാപ്പാ  (ANSA)

ദൈവം നമ്മെ വിശുദ്ധിയിലേക്ക് വിളിക്കുന്നു: ഫ്രാൻസിസ് പാപ്പാ

സകലവിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്ന് വെള്ളിയാഴ്ച, മദ്ധ്യാഹ്നത്തിൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ചു. ദൈവം നമ്മിൽ വിശുദ്ധിയുടെ വിത്തുകൾ വിതച്ചിട്ടുണ്ടെന്നും, വിശുദ്ധിയിൽ വളരാനുള്ള വിളിക്ക് സ്വതന്ത്രമായി ഉത്തരം കൊടുക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും പാപ്പാ ഏവരെയും ഉദ്‌ബോധിപ്പിച്ചു. വിശുദ്ധരുടെ മാതൃകയിൽ നമ്മുടെയും ജീവിതത്തിൽ സുവിശേഷഭാഗ്യങ്ങൾ പ്രാവർത്തികമാക്കാൻ പാപ്പായുടെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദൈവം നമ്മിൽ വിശുദ്ധിയുടെ വിത്ത് പാകിയിട്ടുണ്ടെന്നും, എന്നാൽ വിശുദ്ധമായ ജീവിതം നയിക്കാനുള്ള ദൈവത്തിന്റെ ക്ഷണത്തിന് സ്വാതന്ത്രമായി ഉത്തരം നൽകാനുള്ള അവകാശം അവൻ നമുക്ക് നൽകിയിട്ടുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. സകലവിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്ന് വെള്ളിയാഴ്ച മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിലാണ് സുവിശേഷഭാഗ്യങ്ങളും, ക്രിസ്തുവിന്റെ ജീവിതമാതൃകയും അനുസരിച്ച് ജീവിക്കാൻ ക്രൈസ്തവർക്കുള്ള വിളിയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്.

സകലവിശുദ്ധരുടെയും തിരുനാൾ ദിനമായ ഇന്ന്, ക്രൈസ്തവരുടെ തിരിച്ചറിയൽ രേഖയും, വിശുദ്ധിയിലേക്കുള്ള മാർഗ്ഗവുമായ സുവിശേഷഭാഗ്യങ്ങളാണ് യേശു നമ്മോട് അരുളിച്ചെയ്യുന്നതെന്ന്, നവംബർ ഒന്നാം തീയതിയിലെ സുവിശേഷഭാഗത്തെക്കുറിച്ച് (മത്തായി 5,1-12) പരാമർശിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ക്രിസ്‌തുതന്നെ ജീവിച്ച സ്നേഹത്തിന്റെ മാർഗ്ഗമാണ് അവൻ നമുക്ക് കാണിച്ചുതരുന്നത്. ഈ മാർഗ്ഗം ഒരു ദാനമാണെന്നും, വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ ക്ഷണത്തിന് സ്വാതന്ത്ര്യത്തോടെ പ്രത്യുത്തരം നൽകാൻ നമുക്ക് കടമയുണ്ടെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധിയിലേക്കുള്ള സ്നേഹത്തിന്റെ മാർഗ്ഗം പോലും ദൈവത്തിന്റെ ഒരു ദാനമാണെന്നും, അതുകൊണ്ടുതന്നെ നമ്മെ വിശുദ്ധരാക്കാനും, നമ്മുടെ ഹൃദയം അവന്റേതുപോലെ ആക്കി മാറ്റാനും നമുക്ക് ദൈവത്തോടുതന്നെ പ്രാർത്ഥിക്കാമെന്നും പാപ്പാ പറഞ്ഞു (ദിലേക്സിത് നോസ് 168). യേശുവിനെപ്പോലെ സ്നേഹിക്കാൻ നമ്മെ തടസ്സപ്പെടുത്തുന്നവ തിന്മകളിൽനിന്ന് അവൻ തന്റെ കൃപയാൽ നമ്മെ മോചിപ്പിക്കുന്നവനാണെന്നും അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിൽ ദൈവത്തിന് കൂടുതൽ ഇടം കൊടുക്കാൻ നാം പരിശ്രമിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സ്വർഗ്ഗസ്ഥനായ പിതാവ് വിശുദ്ധിയുടെ വിത്ത് നമ്മിൽ വിതച്ചിട്ടുണ്ടെന്നും, എന്നാൽ വിശുദ്ധിയുടേതായ ഒരു ജീവിതം നമ്മിൽ അടിച്ചേൽപ്പിക്കാതെയും അതിനായി നിർബന്ധം ചെലുത്താതെയും, എന്നാൽ വിശുദ്ധിയിലേക്കുള്ള ആ വിളിക്ക് നമ്മുടെ സ്വതന്ത്രമായ മറുപടിക്കായി കാത്തുനിൽക്കുകയുമാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദൈവം നമ്മുടെ മുന്നിൽ വയ്ക്കുന്ന പദ്ധതികളും, ഉൾപ്രേരണകളും അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് അവൻ നൽകുന്നുണ്ട് (ദിലേക്സിത് നോസ് 179). അവൻ നമുക്ക് കാണിച്ചുതരുന്നതുപോലെ, മറ്റുള്ളവർക്കായുള്ള ശുശ്രൂഷയിലും, ലോകം മുഴുവനിലേക്കുമെത്തുന്ന വലിയ സ്നേഹത്തിന്റെ മനോഭാവത്തിലും ജീവിക്കാനുള്ള തീരുമാനം നമ്മുടേതാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഈയൊരു ജീവിതത്തിന്റെ മാതൃക നമ്മുടെ സമകാലീനരായിരുന്ന വിശുദ്ധരിലും നമുക്ക് കാണാൻ സാധിക്കുമെന്ന് പറഞ്ഞ പാപ്പാ, ഔഷ്വിത്സിൽ, മരണത്തിന് വിധിക്കപ്പെട്ട ഒരു കുടുംബനാഥന് പകരം തന്റെ ജീവൻ നൽകിയ വിശുദ്ധ മാക്സമില്യൻ കോൾബെയുടെയും, പാവപ്പെട്ടവർക്കായി തന്റെ ജീവിതം മുഴുവൻ നീക്കിവച്ച വിശുദ്ധ മദർ തെരേസയുടെയും, പാവപ്പെട്ടവരുടെ അവകാശങ്ങൾ കാക്കാനായി പരിശ്രമിച്ചതിന്റെ പേരിൽ അൾത്താരയിൽ കൊലചെയ്യപ്പെട്ട വിശുദ്ധ ബിഷപ് ഓസ്കാർ റൊമേറോയുടെയും ഉദാഹരണങ്ങൾ മുന്നോട്ടുവച്ചു. അനുദിനം, സുവിശേഷഭാഗ്യങ്ങളാൽ രൂപപ്പെട്ടവരായി ദാരിദ്ര്യത്തിലും, എളിമയിലും, കരുണയിലും, നീതിക്കായുള്ള ദാഹത്തിലും, സമാധാനത്തിനായുള്ള പ്രവൃത്തികളിലും  ജീവിക്കാൻ പരിശ്രമിച്ചവരാണ് അവരെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

വിശുദ്ധമായ ഒരു ജീവിതമെന്ന ദാനത്തിനായി നാം ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ടോയെന്ന് സ്വയം ചോദിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവ് നമ്മിൽ നൽകുന്ന പ്രേരണകൾക്ക് അനുസൃതമായി ജീവിക്കാനും, നാമായിരിക്കുന്ന ഇടങ്ങളിൽ സുവിശേഷഭാഗ്യങ്ങൾ പ്രാവർത്തികമാക്കാനും നമുക്ക് സാധിക്കുന്നുണ്ടോയെന്നും പാപ്പാ ചോദിച്ചു. എല്ലാ വിശുദ്ധരുടെയും റാണിയായ പരിശുദ്ധ അമ്മ നമ്മുടെ ജീവിതത്തെ വിശുദ്ധിയുടെ മാർഗ്ഗമായി മാറ്റാൻ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 November 2024, 18:12

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >