അധികാരം, സേവനത്തിൻറെ ഉപകരണമാക്കണം, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണം: കാപട്യവും പ്രകടനപരതയും വെടിയുക, അധികാരം ആരെയും ഇകഴ്ത്തുന്നതിനുപയോഗിക്കരുത്. ദുർബ്ബലരുടെ ചാരെ ആയിരിക്കുക.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഈ ഞായറാഴ്ചയും (10/11/24) ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. അതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയം കൈയ്യടിയോടെയും ആരവങ്ങളോടെയും തങ്ങളുടെ ആനന്ദം പ്രകടിപ്പിച്ചു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (10/11/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, മർക്കോസിൻറെ സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം, 38-44 വരെയുള്ള വാക്യങ്ങൾ (മർക്കോസ് 12:38-44) അതായത്, യേശു നിയമജ്ഞരുടെ  കാപട്യത്തെ അപലപിക്കുന്ന സംഭവം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

കാപട്യമരുത്

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ജറുസലേം ദേവാലയത്തിൽ, ജനങ്ങളുടെ മുന്നിൽ വച്ച്, ചില നിയമജ്ഞരുടെ കപട മനോഭാവത്തെ അപലപിക്കുന്ന യേശുവിനെ കുറിച്ചാണ് ഇന്ന് ആരാധനാക്രമത്തിലെ സുവിശേഷം (മർക്കോസ് 12,38-44) പ്രതിപാദിക്കുന്നത് (വാക്യങ്ങൾ. 38-40 കാണുക).

നിയമജ്ഞരുടെ ബഹുമാന്യത

ഇസ്രായേലിലെ സമൂഹത്തിൽ, നിയമജ്ഞർക്ക്, ഒരു പ്രധാന ദൗത്യം ഏൽപ്പിക്കപ്പെട്ടിരുന്നു: അവരായിരുന്നു തിരുവെഴുത്തുകൾ വായിക്കുകയും പകർത്തുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നത്. അതിനാൽ അവർ വളരെയധികം  അംഗീകരിക്കപ്പെടുകയും ജനങ്ങൾ അവരെ ആദരിക്കുകയും ചെയ്തിരുന്നു.

പുറം മോടിയല്ല ആന്തരികത പ്രധാനം

ബാഹ്യപ്രകടനങ്ങൾക്കപ്പുറം, അവരുടെ പെരുമാറ്റം പലപ്പോഴും അവർ പഠിപ്പിച്ച കാര്യങ്ങളുമായി പൊരുത്തപ്പെട്ടിരുന്നില്ല. അവരിൽ സംസക്തതയില്ലായിരുന്നു. ചിലർ, വാസ്തവത്തിൽ, അവർക്കുണ്ടായിരുന്ന വലിയ അന്തസ്സും അധികാരവും മൂലം മറ്റുള്ളവരെ “മുകളിൽ നിന്ന് താഴേയ്ക്ക്“ നോക്കിയിരുന്നു, അതായത് മറ്റുള്ളവരെ ഇകഴ്ത്തിയിരുന്നു - ഇത് വളരെ മോശമാണ്,- അവർ ഔദ്ധത്യത്തോടെ പെരുമാറിയിരുന്നു, കപടമായ മാന്യതയുടെയും നിയമസാധുതയുടെയും മുഖംമൂടിക്ക് പിന്നിൽ ഒളിച്ചുകൊണ്ട് അവർ സവിശേഷാനുകൂല്യങ്ങൾ അവകാശമാക്കുകയും വിധവകളെപ്പോലുള്ള ഏറ്റം ദുർബ്ബലർക്ക് ദോഷകരമാം വിധം യഥാർത്ഥ കവർച്ചതന്നെ നടത്തുകയും ചെയ്തിരുന്നു.  (40-ആം വാക്യം കാണുക). തങ്ങളിൽ നിക്ഷിപ്തമായ സ്ഥാനം മറ്റുള്ളവരെ സേവിക്കാൻ ഉപയോഗിക്കുന്നതിനുപകരം, അവർ അതിനെ അഹങ്കാരത്തിൻറെയും കൃത്രിമത്വത്തിൻറെയും ഉപകരണമാക്കി മാറ്റി. പ്രാർത്ഥന പോലും അവരെ സംബന്ധിച്ചിടത്തോളം, മേലിൽ, കർത്താവുമായുള്ള കൂടിക്കാഴ്ചയുടെ നിമിഷമല്ല, മറിച്ച്, ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും ജനസമ്മതി നേടുന്നതിനും ഉപയോഗപ്രദമായ മാന്യതയും തെറ്റായ ഭക്തിയും പ്രകടിപ്പിക്കാനുള്ള അവസരമാണ്. ചുങ്കക്കാരൻറെയും പരീശൻറെയും പ്രാർത്ഥനയെക്കുറിച്ച് യേശു പറയുന്നത് നമുക്ക് ഓർക്കാം (ലൂക്കാ 18:9-14 കാണുക).

മുതലെടുപ്പ് അരുത്

മറ്റുള്ളവരെ, പ്രത്യേകിച്ച് പ്രതിരോധിക്കാനുള്ള ശക്തി ഏറ്റവും കുറഞ്ഞവരെ, അനീതികൾ ചെയ്തും ശിക്ഷാഭീതിയില്ലാതെയും മുതലെടുക്കുന്നത് സാധാരണമായിക്കാണുന്ന തരത്തിലുള്ള ഒരു സാമൂഹ്യ-മത സമ്പ്രദായം പരിപോഷിപ്പിച്ചുകൊണ്ട്, അവർ, - എല്ലാവരുമല്ല - അഴിമതിക്കാരെപ്പോലെയാണ് പെരുമാറിയിരുന്നത്.

വ്യാജന്മാരെ സൂക്ഷിക്കുക

ഇക്കൂട്ടരിൽ നിന്ന് അകന്നു നിൽക്കാനും, അവരെ "സൂക്ഷിക്കാനും" (വാക്യം 38 കാണുക), അനുകരിക്കാതിരിക്കാനും യേശു ശുപാർശ ചെയ്യുന്നു. വാസ്‌തവത്തിൽ, അവിടത്തെ വാക്കും മാതൃകയും കൊണ്ട് അവിടന്ന്, നമുക്കറിയാവുന്നതുപോലെ, അധികാരത്തെക്കുറിച്ച് വളരെ വ്യത്യസ്തമായ കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. ആത്മത്യാഗം, എളിയ സേവനം (മർക്കോസ് 10.42-45 കാണുക), ആളുകളോട്, പ്രത്യേകിച്ച്, ഏറ്റവും ആവശ്യത്തിലിരക്കുന്നവരോട് (Lk 10, 25-37)  മാതൃ-പിതൃസന്നിഭ ആർദ്രത (ലൂക്കാ 11.11-13 കാണുക), എന്നിവയെ അടിസ്ഥാനമാക്കിയാണ് അവിടന്ന് അതിനെക്കുറിച്ച് സംസാരിക്കുന്നത്. അധികാരം നിക്ഷിപ്തമായിട്ടുള്ളവർ, മറ്റുള്ളവരെ അപമാനിക്കാനല്ല, മറിച്ച് അവരെ ഉയർത്താനായി, അവർക്ക് പ്രതീക്ഷയും സഹായവും നൽകാനായി തങ്ങളുടെ അധികാര സ്ഥാനത്തു നിന്ന് നോക്കാൻ അവിടന്ന് അവരെ ക്ഷണിക്കുന്നു.

നമ്മുടെ പ്രവർത്തന ശൈലി  എപ്രകാരമാണ്?

ആകയാൽ, സഹോദരീ സഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാം: എൻറെ ഉത്തരവാദിത്വ മേഖലകളിൽ ഞാൻ എങ്ങനെയാണ് പെരുമാറുന്നത്? ഞാൻ വിനയത്തോടെയാണോ പ്രവർത്തിക്കുന്നത്, അതോ എൻറെ സ്ഥാനത്തിൽ ഞാൻ അഹങ്കരിക്കുന്നുണ്ടോ? ഞാൻ ആളുകളോട് ഉദാരതയും ആദരവും കാണിക്കുന്നവനാണോ, അതോ ഞാൻ അവരോട് പരുഷമായും സ്വേച്ഛാധിപത്യപരമായുമാണോ പെരുമാറുന്നത്? ഏറ്റവും ദുർബ്ബലരായ സഹോദരീസഹോദരന്മാരുടെ ചാരെ ഞാനുണ്ടോ, അവരെ എഴുന്നേൽക്കാൻ സഹായിക്കുന്നതിന് എങ്ങനെ കുനിയണമെന്ന് എനിക്കറിയാമോ?

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

നമ്മിലെ കാപട്യത്തിൻറെ പ്രലോഭനത്തിനെതിരെ പോരാടാൻ കന്യകാമറിയം നമ്മെ സഹായിക്കട്ടെ - യേശു അവരെ "കപടവിശ്വാസികൾ" എന്ന് വിളിക്കുന്നു, കാപട്യം ഒരു വലിയ പ്രലോഭനമാണ് – കാണപ്പെടാതെ, ലാളിത്യത്തോടെ നന്മ ചെയ്യാൻ അവൾ നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

റോമക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിൽ നിന്നും എത്തിയിരുന്നവരുമുൾപ്പടെയുള്ള തീർത്ഥാടകരെ ആശീർവ്വാദാനന്തരം പാപ്പാ  അഭിവാദ്യം ചെയ്തു.

ഡോൺ ഹസേ ടോറെസ് പദീല്ല്യ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ

ശനിയാഴ്ച (09/11/24) സ്പെയിനിലെ സെവില്യയിൽ കുരിശിൻറെ ചങ്ങാതികളായ സഹോദരികളുടെ സന്ന്യാസിനിസമൂഹത്തിൻറെ സഹസ്ഥാപകനായ ഡോൺ ഹസേ തോറെസ് പദീല്ല്യ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ തദ്ദവസരത്തിൽ അനുസ്മരിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ സ്പെയിനിൽ ജീവിച്ചിരുന്ന അദ്ദേഹം, ദരിദ്രരോട് വലിയ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ഒരു പുരോഹിതൻ, കുമ്പസാരക്കാരൻ, ആത്മീയ വഴികാട്ടി എന്നീ നിലകളിൽ വ്യതിരിക്തനായി നിലകൊണ്ടുവെന്ന് പാപ്പാ പറഞ്ഞു. അദ്ദേഹത്തിൻറെ മാതൃക പുരോഹിതരെ അവരുടെ ശുശ്രൂഷയിൽ പ്രത്യേകമാംവിധം പിന്തുണയ്ക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

“ലൗദാത്തൊ സീ കർമ്മവേദി” യുടെ മൂന്നു വർഷങ്ങൾ- “കോപ് 29” സമ്മേളനം

മൂന്ന് വർഷം മുമ്പ് “ലൗദാത്തൊ സീ കർമ്മവേദി”ക്ക് തുടക്കം കുറിക്കപ്പെട്ടത് പാപ്പാ അനുസ്മരിക്കുകയും  ഇതിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അസെർബൈജാനിലെ ബക്കുവിൽ കാലാവസ്ഥ വ്യതിയാനത്തെ അധികരിച്ച് “കോപ് 29” (“COP 29”) തിങ്കളാഴ്‌ച (11/11/24) ആരംഭിക്കുന്ന സമ്മേളനത്തിന് പാപ്പാ ആശംസകൾ നേർന്നു. ഈ സമ്മേളനം നമ്മുടെ പൊതു ഭവനത്തിൻറെ സംരക്ഷണത്തിന് ഫലപ്രദമായ സംഭാവന നൽകുമെന്ന തൻറെ പ്രത്യാശ പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്തോനേഷ്യയിലെ അഗ്നിപർവ്വത സ്ഫോടനം

ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിൽ അഗ്നിപർവ്വത സ്‌ഫോടനം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള തൻറെ സാമീപ്യം പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ പ്രകടിപ്പിച്ചു. ഈ ദുരന്തത്തിനിരകളായവർക്കും അവരുടെ കുടുംബങ്ങൾക്കും സ്വഭവനങ്ങൾ വിട്ടുപോകേണ്ടിവന്നവർക്കും  വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. സ്പെയിനിലെ വലേൻസിയയിലും മറ്റിടങ്ങളിലും  വെള്ളപ്പൊക്കത്തിൻറെ ദുരന്തഫലങ്ങൾ നേരിടുന്ന ജനങ്ങളെ പാപ്പാ ഒരിക്കൽക്കൂടി അനുസ്മരിച്ചു. അവർക്കായി പ്രാർത്ഥിക്കാനും സഹായമേകാനും പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

മൊസാംബിക്കിൽ സമാധാനം വാഴുന്നതിനായി പ്രാർത്ഥിക്കുക

മൊസാംബിക്കിൽ നിന്ന് വരുന്ന വാർത്തകൾ ആശങ്കാജനകമാണെന്ന് അനുസ്മരിച്ച പാപ്പാ അവിടെ സംവാദവും സഹിഷ്ണുതയും ന്യായമായ പരിഹാരങ്ങൾക്കായുള്ള അശ്രാന്തമായ അന്വേഷണവും ഉണ്ടാകുന്നതിനായി പരിശ്രമിക്കാൻ എല്ലാവരെയും ക്ഷണിച്ചു. നിലവിലെ സാഹചര്യം ജനാധിപത്യത്തിൻറെയും നീതിയുടെയും സമാധാനത്തിൻറെയും പാതയിലുള്ള വിശ്വാസം നഷ്‌ടപ്പെടുത്താതിരിക്കുന്നതിനായി മൊസാംബിക്കിലെ ജനതയ്‌ക്കുവേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു.

യുദ്ധവേദികളിൽ സമാധാനം സംജാതമാകുന്നതിന്

ആശുപത്രികളും മറ്റ് കെട്ടിടങ്ങളും ആക്രമിക്കപ്പെടുന്ന പീഡിത ഉക്രൈയിനു വേണ്ടിയും  പലസ്തീൻ, ഇസ്രായേൽ, ലെബനോൺ, മ്യാൻമാർ, സുഡാൻ എന്നീ നാടുകൾക്കായും ലോകമെങ്ങും സമാധാനം ഉണ്ടാകുന്നതിനായും പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

കൃതജ്ഞതാ ദിനം

ഇറ്റലിയിലെ സഭ നവമ്പർ 10-ന് ഞായറാഴ്ച കൃതജ്ഞതാദിനം ആചരിച്ചത് പാപ്പാ അനുസ്മരിക്കുകയും കാർഷികലോകത്തോട് നന്ദി പ്രകാശിപ്പിക്കുകയും ഭാവി തലമുറകൾക്കുവേണ്ടിയും ഭൂമിയുടെ ഉർവ്വരത കാത്തുപരിപാലിക്കത്തക്കവിധം മണ്ണിൽ കൃഷിയിറക്കുന്നതിനായി പ്രചോദനം പകരുകയും ചെയ്തു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2024, 12:00

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >