പാപ്പാ: യേശു, സൃഷ്ടിയെ സ്നേഹത്തിൻറെ ശക്തിയാൽ വീണ്ടെടുക്കുന്ന പ്രപഞ്ചരാജൻ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം ക്രിസ്തുരാജൻറെ തിരുന്നാൾ ദിനത്തിൽ. യേശു എൻറെ "രാജാവ്" ആണെന്ന് എനിക്ക് പറയാൻ കഴിയുമോ? എൻറെ ഹൃദയത്തിൽ വേറെ "രാജാക്കന്മാർ" ഉണ്ടോ?

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രിസ്തുരാജൻറെ തിരുന്നാളും പ്രാദേശിക സഭാതലത്തിൽ ലോകയുവജന ദിനവും ആചരിക്കപ്പെട്ട ഈ ഞായറാഴ്ച (24/11/24) രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഈ വിശുദ്ധ കുർബ്ബാനയ്ക്കു ശേഷമാണ് പാപ്പാ ഞായറാഴ്ചകളിലെ പതിവനുസരിച്ചുള്ള പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചത്. അതിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ചത്വരത്തിൽ ഉയർന്നു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (24/11/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം പതിനെട്ടാ അദ്ധ്യായം, 33-37 വരെയുള്ള വാക്യങ്ങൾ (യോഹന്നാൻ 18:33-37) അതായത്, തൻറെ മുന്നിൽ ഹാജരാക്കപ്പടുന്ന യേശുവിനോട്  പീലാത്തോസ് ഉന്നയിക്കുന്ന “നീ യഹൂദരുടെ രാജാവണോ?” എന്ന ചോദ്യത്തിനു “അതു നീ തന്നെ പറയുന്നു”... “സത്യത്തിനു സാക്ഷ്യമേകാനാണ് ഞാൻ ഈ ലോകത്തിലേക്കു വന്നത്” എന്നു പ്രത്യുത്തരിക്കുന്ന  സംഭവം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

യേശു പീലാത്തോസിൻറെ മുന്നിൽ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ഇന്ന് ആരാധനാക്രമത്തിൽ, സുവിശേഷം (യോഹന്നാൻ 18,33-37) അവതരിപ്പിക്കുന്നത് പോന്തിയോസ് പീലാത്തോസിൻറെ മുമ്പാകെ ഹാജരാക്കപ്പെട്ടിരിക്കുന്ന യേശുവിനെയാണ്: യേശുവിനെ വധശിക്ഷയ്ക്ക് വിധിക്കാൻ റോമൻ ഭരണാധികാരിക്ക് കൈമാറിയിരിക്കയാണ്. ഇരുവരും തമ്മിൽ, അതായത്, യേശുവും പീലാത്തോസും തമ്മിൽ, ഒരു ഹ്രസ്വ സംഭാഷണം ആരംഭിക്കുന്നു. പീലാത്തോസിൻറെ ചോദ്യങ്ങളിലൂടെയും കർത്താവിൻറെ ഉത്തരങ്ങളിലൂടെയും, പ്രത്യേകിച്ച്, രണ്ട് വാക്കുകൾ, അതായത്, "രാജാവ്" "ലോകം" എന്നീ പദങ്ങൾ, രൂപാന്തരപ്പെടുകയും നൂതനാർത്ഥം ആർജ്ജിക്കുകയും ചെയ്യുന്നു.

യഹൂദരുടെ രാജാവണോ?

ആദ്യം പീലാത്തോസ് യേശുവിനോട് ചോദിക്കുന്നു: "നീ യഹൂദരുടെ രാജാവാണോ?" (യോഹന്നാൻ 18,33). സാമ്രാജ്യത്തിലെ ഒരു ഉദ്യോഗസ്ഥൻറെതായ യുക്തിയോടുകൂടി  അയാൾ, തൻറെ മുന്നിലുള്ള മനുഷ്യൻ ഒരു ഭീഷണിയാണോ എന്ന് മനസ്സിലാക്കാൻ ആഗ്രഹിക്കുന്നു, അവനെ സംബന്ധിച്ചിടത്തോളം ഒരു രാജാവ് സ്വന്തം പ്രജകളുടെ മേൽ ആധിപത്യമുള്ളവനാണ്. ഇത് അവന് ഒരു ഭീഷണിയാകും, അല്ലേ? താൻ രാജാവാണെന്ന് യേശു ഖണ്ഡിതമായി പറയുന്നു, അതെ, എന്നാൽ വളരെ വ്യത്യസ്തമായ രീതിയിൽ! സാക്ഷിയെന്ന നിലയിൽ യേശു രാജാവാണ്: അവൻ സത്യം പറയുന്നവനാണ് (യോഹന്നാൻ 18,37 കാണുക). മാംസം ധരിച്ച വചനമായ യേശുവിൻറെ രാജകീയ ശക്തി, ലോകത്തെ പരിവർത്തനം ചെയ്യുന്ന അവൻറെ സത്യ വചനത്തിൽ, കാര്യക്ഷമമായ വചനത്തിൽ കുടികൊള്ളുന്നു.

ആധ്യപത്യത്തിൻറെ ലോകവും സ്നേഹത്തിൻറെ ലോകവും

ലോകം: ഇതാണ് രണ്ടാമത്തെ നിമിഷം. പോന്തിയോസ് പീലാത്തോസിൻറെ "ലോകം" ബലഹീനൻറെ മേൽ ബലവാനും കുചേലൻറെ മേൽ കുബേരനും സൗമ്യശീലൻറെമേൽ അക്രമാസക്തനും വിജയം വരിക്കുന്ന ഒന്നാണ്, അതായത്, നിർഭാഗ്യവശാൽ നമുക്ക് നന്നായി അറിയാവുന്ന ഒരു ലോകം. യേശു രാജാവാണ്, എന്നാൽ അവൻറെ രാജ്യം ആ ഒരു ലോകത്തിൻറേതല്ല, അത് ഈ ലോകത്തിൻറേതുമല്ല (യോഹന്നാൻ 18,36). യേശുവിൻറെ ലോകം, യഥാർത്ഥത്തിൽ, നമ്മുടെ രക്ഷയ്ക്കുവേണ്ടി തൻറെ ജീവൻ നൽകിക്കൊണ്ട് ദൈവം എല്ലാവർക്കുമായി ഒരുക്കുന്ന ആ പുതിയ രാജ്യമാണ്, ശാശ്വതമായതാണ്. ക്രിസ്തു, കൃപയും സത്യവും പകർന്നുകൊണ്ട്, ഭൂമിയിലേക്ക് കൊണ്ടുവരുന്നത് സ്വർഗ്ഗരാജ്യമാണ് (യോഹന്നാൻ 1:17 കാണുക). യേശു രാജാവായിരിക്കുന്ന ലോകം, തിന്മയാൽ നശിപ്പിക്കപ്പെട്ട സൃഷ്ടിയെ ദൈവിക സ്നേഹത്തിൻറെ ശക്തിയാൽ വീണ്ടെടുക്കുന്നു, യേശു സൃഷ്ടിയെ രക്ഷിക്കുന്നു, യേശു ക്ഷമിക്കുന്നു, അവിടന്ന് സമാധാനവും നീതിയും പ്രദാനം ചെയ്യുന്നു. "എന്നാൽ, പിതാവേ, ഇത് സത്യമാണോ?" "അതെ". നിൻറെ ആത്മാവിൻറെ അവസ്ഥ എന്താണ്? അവിടെ ഭാരപ്പെടുത്തുന്ന എന്തെങ്കിലും ഉണ്ടോ? എന്തെങ്കിലും പഴയ തെറ്റ്? യേശു എപ്പോഴും ക്ഷമിക്കുന്നു. ക്ഷമിക്കുന്നതിൽ യേശു ഒരിക്കലും മടുക്കുന്നില്ല. ഇതാണ് യേശുവിൻറെ രാജ്യം, നിങ്ങളുടെ ഉള്ളിൽ എന്തെങ്കിലും മോശമായതുണ്ടെങ്കിൽ, മാപ്പപേക്ഷിക്കുക. അവൻ എപ്പോഴും ക്ഷമിക്കുന്നു.

പ്രപഞ്ചരാജൻറെ സ്വരം കേൾക്കുക

സഹോദരീ സഹോദരന്മാരേ, യേശു പീലാത്തോസിനോട് വളരെ അടുത്തനിന്നു സംസാരിക്കുന്നു, പക്ഷേ, പീലാത്തോസ് യേശുവിൽ നിന്ന് അകലെയാണ്, കാരണം അവൻ മറ്റൊരു ലോകത്താണ് ജീവിക്കുന്നത്. പീലാത്തോസ് സത്യം തൻറെ മുന്നിൽത്തന്നെ ഉണ്ടെങ്കിലും അതിനോടു തുറവുകാട്ടുന്നില്ല. അവൻ യേശുവിനെ ക്രൂശിക്കുകയും കുരിശിൽ ഇങ്ങനെ എഴുതാൻ ഉത്തരവിടുകയും ചെയ്യും: "യഹൂദന്മാരുടെ രാജാവ്" (യോഹന്നാൻ 19:19), എന്നാൽ "യഹൂദന്മാരുടെ രാജാവ്" എന്നതിൻറെ അർത്ഥം മനസ്സിലാക്കാതെയാണിത്. എന്നിട്ടും ക്രിസ്തു ലോകത്തിലേക്കു വന്നു, ഈ ലോകത്തിലേക്ക്: സത്യത്തിൽ നിന്നുള്ളവൻ അവൻറെ സ്വരം ശ്രവിക്കുന്നു (യോഹന്നാൻ 18:37 കാണുക). അത് നമ്മെ രക്ഷിക്കുന്ന പ്രപഞ്ച രാജാവിൻറെ സ്വരമാണ്.

സഹോദരീ സഹോദരന്മാരേ, കർത്താവിനെ ശ്രവിക്കുന്നത് നമ്മുടെ ഹൃദയങ്ങളിലും നമ്മുടെ ജീവിതത്തിലും വെളിച്ചം വീശുന്നു. അതുകൊണ്ട് നമുക്ക് സ്വയം ചോദിക്കാൻ ശ്രമിക്കാം - എല്ലാവരും അവനവൻറെ ഹൃദയത്തിൽ സ്വയം ചോദിക്കുക-: യേശു എൻറെ "രാജാവ്" ആണെന്ന് എനിക്ക് പറയാൻ കഴിയുമോ? അതോ എൻറെ ഹൃദയത്തിൽ വേറെ "രാജാക്കന്മാർ" ഉണ്ടോ? ഏത് അർത്ഥത്തിൽ? അവൻറെ വചനം എൻറെ വഴികാട്ടിയാണോ, എൻറെ ഉറപ്പാണോ? എപ്പോഴും ക്ഷമിക്കുന്നവനായ, നമുക്ക് മാപ്പേകാൻ നമ്മെ കാത്തിരിക്കുന്നവനായ, ദൈവത്തിൻറെ കരുണാർദ്രമായ മുഖം ഞാൻ അവനിൽ ദർശിക്കുന്നുണ്ടോ? ദൈവരാജ്യത്തിനായി പ്രത്യാശയോടെ കാത്തിരിക്കുമ്പോൾ നമുക്ക് കർത്താവിൻറെ ദാസിയായ മറിയത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

റോമക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിലും നിന്ന് എത്തിയിരുന്നവരുമുൾപ്പടെയുള്ള തീർത്ഥാടകരെ പാപ്പാ ആശീർവ്വാദാനന്തരം  അഭിവാദ്യം ചെയ്തു. ആ വേളയിൽ ജാലകത്തിങ്കൽ പാപ്പായോടൊപ്പം കൊറിയക്കാരായ രണ്ടു ബാലികാബാലന്മാർ ഉണ്ടായിരുന്നു.

യുവജനദിനക്കുരിശ് ഏറ്റെടുത്ത യുവജന പ്രതിനിധികൾ

തന്നോടൊപ്പം ജാലകത്തിങ്കൽ നില്ക്കുന്ന കൊറിയക്കാരായ കുട്ടികൾ ഈ ഞായറാഴ്ച (24/11/24) രാവലെ പോർച്ചുഗലിലെ യുവജനങ്ങളിൽ നിന്ന് യുവജനദിനക്കുരിശ് ഏറ്റെടുത്തത് പാപ്പാ അനുസ്മരിച്ചു. അവർ ഇത് സോളിൽ നടക്കാൻ പോകുന്ന അടുത്ത യുവജനദിനാഘോഷത്തിൻറെ ഒരുക്കത്തിനായി കൊറിയയിലേക്ക് കൊണ്ടുപോകുമെന്നും പാപ്പാ പറഞ്ഞു. യുവജനദിനക്കുരിശ് ഏറ്റെടുത്ത കൊറിയക്കാരായ കുട്ടികൾക്കും അതു കൈമാറിയ പോർച്ചുഗീസുകാരായ യുവജനത്തിനും കരഘോഷമോടെ അനുമോദനമേകാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

സ്പെയിനിൽ രണ്ടു നിണസാക്ഷികൾ നവവാഴ്ത്തപ്പെട്ടവർ

നവമ്പർ 23-ന് ശനിയാഴ്ച, സ്പെയിനിലെ ബർസെല്ലോണയിൽ കയെത്താനൊ ക്ലൗസെയാസ് ബയ്വേ, അന്തോണിയൊ തോർത്ത് റെയിസാക്സ് എന്നീ രക്തസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. സ്പെയിനിൽ 1936-ൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ടവരാണ് ഇവരെന്നു പറഞ്ഞ പാപ്പാ  ക്രിസ്തുവിൻറെയും സുവിശേഷത്തിൻറെയും മാതൃകാപരമായ സാക്ഷികളായ, മഹാ ദാനമായ ഇവർക്കായി ദൈവത്തോടു നന്ദി പ്രകാശിപ്പിക്കാൻ എല്ലാവരെയു ക്ഷണിച്ചു.

മുപ്പതിയൊമ്പത് ലോക യുവജനദിനം

“കർത്താവിൽ പ്രത്യാശിക്കുന്നവർ തളരാതെ നടക്കുന്നു” (കാണുക ഏശയ്യാ-40.31) എന്ന വിചിന്തന പ്രമേയത്തോടുകൂടി പ്രാദേശികസഭാതലത്തിൽ മുപ്പത്തിയൊമ്പതാം ലോകയുവജനദിനം ഈ ഞായറാഴ്ച ആചരിക്കപ്പെട്ടത് പാപ്പാ അനുസ്മരിച്ചു. കർത്താവിൽ പ്രത്യാശ വെച്ചില്ലെങ്കിൽ ചെറുപ്പക്കാർ പോലും ചിലപ്പോൾ തളർന്നുപോകുമെന്ന് പാപ്പാ പറഞ്ഞു. 2027-ൽ സോളിൽ നടക്കാൻ പോകുന്ന യുവജനദിനാഘോഷത്തിലേക്കുള്ള പ്രയാണത്തിൻറെ "സാക്ഷ്യം" കൈമാറിയ പോർച്ചുഗലിൻറെയും അതു സ്വീകരിച്ച ദക്ഷിണ കൊറിയയുടെയും പ്രതിനിധികൾക്ക് കൈയ്യടിച്ച് അഭിവാദ്യമേകാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

കാർലൊ അക്കൂത്തിസും പീയെർ ജോർജൊ ഫ്രസ്സാത്തിയും

വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെ 2025 ഏപ്രിൽ 27 ന്, കൗമാരക്കാരുടെ ജൂബിലിയുടെ പശ്ചാത്തലത്തിൽ, വിശുദ്ധനായി പ്രഖ്യാപിക്കും എന്ന തൻറെ പ്രഖ്യാപനം പാപ്പാ ആവർത്തിച്ചു.  കൂടാതെ, വാഴ്ത്തപ്പെട്ട പീയെർ ജോർജോ ഫ്രാസ്സാത്തിയുടെ നാമകരണ പ്രക്രിയ ശുഭകരമായി അവസാനിക്കാനിക്കാറായിരിക്കുന്നു എന്ന് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘം അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, കർദ്ദിനാളന്മാരുടെ അഭിപ്രായം തേടിയതിനു ശേഷം, ഓഗസ്റ്റ് 3-ന്, യുവജന ജൂബിലിവേളയിൽ  അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കാൻ താൻ  ആഗ്രഹിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി.

മ്യാന്മാറിൻറെ ദേശീയ ദിനാഘോഷം നവമ്പർ 25-ന്

നവമ്പർ 25-ന് മ്യന്മാർ ദേശീയദിനമായി ആചരിക്കുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആദ്യത്തെ വിദ്യാർത്ഥി പ്രതിഷേധത്തിൻറെ സ്മരണയിലും, സമാധാനപരവും ജനാധിപത്യപരവുമായ ഒരു കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയിലുമാണ് ഈ ദിനാഘോഷമെന്നും പാപ്പാ പറഞ്ഞു. മ്യാൻമാറിലെ മുഴുവൻ ജനങ്ങളോടും, പ്രത്യേകിച്ച് നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തിൽ ദുരിതമനുഭവിക്കുന്നവരോടും, അതുപോലെതന്നെ, കുട്ടികളും പ്രായംചെന്നവരും രോഗികളും  റോഹിങ്ക്യരുൾപ്പടെയുള്ള അഭയാർത്ഥികളുമായ എല്ലാവരുടുമുള്ള തൻറെ സാമീപ്യവും പാപ്പാ അറിയിച്ചു. ആയുധങ്ങളെ നിശബ്ദമാക്കാനും ശാശ്വത സമാധാനം ഉറപ്പാക്കാനും പ്രാപ്തമായ ആത്മാർത്ഥവും സാകല്യവുമായ ഒരു സംഭാഷണത്തിന് തുടക്കമിടാൻ പാപ്പാ എല്ലാ കക്ഷികളോടും ഹൃദയംഗമമായി  അഭ്യർത്ഥിക്കുകയും ചെയ്തു.

യുദ്ധവേദികളിൽ സമാധാനം ഉണ്ടാകട്ടെ!

പീഡിതമായ ഉക്രൈയിൻ,  പലസ്തീൻ, ഇസ്രായേൽ, ലെബനോൺ, സുഡാൻ എന്നീ നാടുകളെ അനുസ്മരിച്ച പാപ്പാ ആ നാടുകൾക്കായി പ്രാർത്ഥന തുടരാൻ എല്ലാവരെയും ക്ഷണിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും  നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 November 2024, 12:45

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >