യേശു, നമ്മുടെ സഞ്ചാര പാതയും തീർത്ഥാടന ലക്ഷ്യവും, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം. പുതിയ പ്രബോധന പരമ്പര-"യേശുക്രിസ്തു നമ്മുടെ പ്രത്യാശ” .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഈ ബുധനാഴ്ചയും (18/12/24) പതിവുപോലെ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിച്ചു.  കൂടിക്കാഴ്ചാ വേദി, കഴിഞ്ഞവാരത്തിലെന്നപോലെ, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ സമീപത്തുള്ള അതിവിശാലമായ പോൾ ആറാമൻ ശാലയായിരുന്നു. ഈ ദിനങ്ങളിൽ റോമിൽ ശൈത്യം ശക്തിപ്രാപിച്ചിരിക്കയാണെങ്കിലും വിവിധരാജ്യക്കാരായിരുന്ന തീർത്ഥാടകരും സന്ദർശകരുമായി ആയിരങ്ങൾ പ്രതിവാരപൊതുദർശന പരിപാടിയിൽ പങ്കുകൊള്ളുന്നതിനെത്തിയിരുന്നു. പാപ്പാ ഊന്നിവടിയുടെ സഹായത്താൽ ശാലയിൽ എത്തിയപ്പോൾ ജനസഞ്ചയം കരഘോഷവും  ആനന്ദാരവങ്ങളുമുയർത്തി.റോമിലെ സമയം രാവിലെ 9.00 മണികഴിഞ്ഞപ്പോൾ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നു ശേഷം, പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു.

യേശുവിൻറെ വംശാവലി

അബ്രാഹത്തിൻറെ പുത്രൻ യേശുക്രിസ്തുവിൻറെ വംശാവലിഗ്രന്ഥം. അബ്രാഹം ഇസഹാക്കിൻറെ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിൻറയും യാക്കോബ് യൂദായുടെയും  സഹോദരന്മാരുടെയും പിതാവായിരുന്നു. താമാറിൽ നിന്നു ജനിച്ച പേരെസിൻറെയും സേറായുടെയും പിതാവായിരുന്നു യൂദാ. .. സൽമോൻ, റാഹാബിൽ നിന്നു ജനിച്ച ബോവാസിൻറെയും ബോവാസ് റൂത്തിൽ നിന്നു ജനിച്ച ഓബദിൻറെയും  ഓബദ്  ജെസ്സെയുടെയും ജെസ്സെ ദാവീദ് രാജാവിൻറെയും പിതാവായിരുന്നു. ദാവീദ്  ഊറിയായയുടെ ഭാര്യയായിരുന്നവളിൽ നിന്നു ജനിച്ച സോളമൻറെ പിതാവായിരുന്നു. മഥാൻ യാക്കോബിൻറെ പിതാവായിരുന്നു. യാക്കോബ് മറിയത്തിൻറെ ഭർത്താവായ ജോസഫിൻറെ പിതാവായിരുന്നു. അവളിൽ നിന്ന് ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.” മത്തായിയുടെ സുവിശേഷം, അദ്ധ്യായം 1, 1-3 വരെയും15-ും 16-ും വാക്യങ്ങൾ.

യേശുവിൻറെ വംശാവലിയുടെ ഭാഗികമായ ഈ വായനയ്ക്കു ശേഷം പാപ്പാ, ഡിസംബർ 24-ന് വിശുദ്ധവാതിൽ തുറക്കപ്പെടുന്നതോടെ ആരംഭിക്കുന്ന ജൂബിലി വർഷം മുന്നിൽ കണ്ടുകൊണ്ട് പുതിയൊരു പ്രബോധനപരമ്പരയ്ക്ക് തുടക്കം കുറിച്ചു. ജൂബിലിയുടെ ആപ്തവാക്യം “പ്രത്യാശയുടെ തീർത്ഥാടകർ” എന്നതാകയാൽ "യേശുക്രിസ്തു നമ്മുടെ പ്രത്യാശ” എന്ന ശീർഷകമാണ് പാപ്പാ പരമ്പരയ്ക്ക് നല്കിയിരിക്കുന്നത്. പാപ്പാ ഇറ്റാലിൻ ഭാഷയിൽ ഇപ്രകാരം പറഞ്ഞു:

യേശുക്രിസ്തു നമ്മുടെ പ്രത്യാശ

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം!

ജൂബിലി വർഷം മുഴുവൻ നീണ്ടുനില്ക്കുന്ന ഒരു പ്രബോധനപരമ്പര നാം ഇന്ന് ആരംഭിക്കുകയാണ്. "യേശുക്രിസ്തു നമ്മുടെ പ്രത്യാശ "എന്നതാണ് പ്രമേയം: വാസ്തവത്തിൽ, നമ്മുടെ തീർത്ഥാടനത്തിൻറെ ലക്ഷ്യസ്ഥാനം അവനാണ്, അവൻ തന്നെയാണ് വഴി, സഞ്ചാര പാത.

യേശുവിൻറെ ജീവിത ഘട്ടങ്ങൾ

സുവിശേഷകരായ മത്തായിയും ലൂക്കായും നമ്മോട് വിവരിക്കുന്ന യേശുവിൻറെ ബാല്യകാലമാണ് ഇതിൻറെ ആദ്യഭാഗം വിശകലനം ചെയ്യുന്നത് (മത്തായി 1-2; ലൂക്കാ 1-2 കാണുക). കന്യക യേശുവിനെ ഗർഭം ധരിക്കുന്നതിനെക്കുറിച്ചും മറിയത്തിൽ നിന്ന് അവൻ പിറക്കുന്നതിനെക്കുറിച്ചും ബാല്യകാലസുവിശേഷങ്ങൾ പ്രതിപാദിക്കുന്നു; അവനിൽ നിവൃത്തിയായ മിശിഹൈക പ്രവചനങ്ങൾ അവ ഓർമ്മിപ്പിക്കുകയും ദൈവപുത്രനെ ദാവീദിൻറെ വംശപരമ്പരയുമായി ബന്ധിപ്പിക്കുന്ന യൗസേപ്പിൻറെ നൈയമിക പിതൃത്വത്തെക്കുറിച്ച് പരാമർശിക്കുകയും ചെയ്യുന്നു. നവജാതശിശുവും ബാലനും കൗമാരക്കാരനും, മാതാപിതാക്കൾക്ക് വിധേയനും, അതേ സമയം, പിതാവിനും അവൻറെ രാജ്യത്തിനും വേണ്ടി പൂർണ്ണമായി അർപ്പിക്കപ്പെട്ടവനാണെന്ന ബോധമുള്ളവനുമായി നമ്മുടെ മുന്നിൽ യേശു അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. രണ്ട് സുവിശേഷകർ തമ്മിലുള്ള വ്യത്യാസം എന്താണെന്നുവച്ചാൽ, ലൂക്കാ സംഭവങ്ങളെ വിവരിക്കുന്നത് മറിയത്തിൻറെ കണ്ണുകിളിലൂടെയാണ്, മത്തായിയാകട്ടെ അത് ചെയ്യുന്നത് ഇത്തരമൊരു അഭൂതപൂർവ്വമായ പിതൃത്വത്തിന് ഊന്നൽ നല്കിക്കൊണ്ട് യൗസേപ്പിൻറെ വീക്ഷണത്തിലൂടെയും.

യേശുവിൻറെ വംശാവലിയിൽ തെളിയുന്നത്

"അബ്രഹാമിൻറെ പുത്രനായ ദാവീദിൻറെ പുത്രൻ യേശുക്രിസ്തുവിൻറെ വംശാവലി" യോടെയാണ് (മത്തായി 1.1) മത്തായിയുടെ സുവിശേഷം, പുതിയ നിയമം മുഴുവനും ആരംഭിക്കുന്നത്. ചരിത്ര സത്യവും മനുഷ്യജീവിത സംബന്ധിയായ സത്യവും കാണിക്കുന്നതിനായി യഹൂദ തിരുവെഴുത്തുകളിൽ നേരത്തെതന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പേരുകളുടെ ഒരു പട്ടികയാണിത്. വാസ്തവത്തിൽ, "കർത്താവിൻറെ വംശാവലി യഥാർത്ഥ ചരിത്രത്താൽ രൂപീകൃതമാണ്, അതിൽ അല്പം പ്രശ്‌നകരമായ പേരുകളും ഉണ്ട്, കൂടാതെ ദാവീദ് രാജാവിൻറെ പാപം ഊന്നിപ്പറയപ്പെടുന്നു (മത്തായി 1:6 കാണുക). എന്നിരുന്നാലും, എല്ലാം മറിയത്തിലും ക്രിസ്തുവിലും അവസാനിക്കുകയും വികാസംപ്രാപിക്കുകയും ചെയ്യുന്നു (മത്തായി 1:16 കാണുക)" (സഭാ ചരിത്ര പഠനത്തിൻറെ നവീകരണത്തെക്കുറിച്ചുള്ള കത്ത്, 21 നവംബർ 2024). തുടർന്നു വരുന്നത് മനുഷ്യജീവിതത്തെക്കുറിച്ചുള്ള സത്യമാണ്. അത് ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്കു കടക്കുകയും  മൂന്ന് കാര്യങ്ങൾ കൈമാറുകയും ചെയ്യുന്നു. അതായത്, അതുല്യമായ സ്വത്വവും ദൗത്യവും ഉൾക്കൊള്ളുന്ന ഒരു നാമം; ഒരു കുടുംബത്തിലും ഒരു ജനതയിലുമുള്ള അംഗത്വം; അവസാനമായി  ഇസ്രായേലിൻറെ ദൈവത്തോടുള്ള വിശ്വാസത്തിൻറെ പാലനം.

വംശാവലി ഒരു സാഹിത്യ വിഭാഗത്തിൽപ്പെട്ടതാണ്, അതായത്, വളരെ പ്രധാനപ്പെട്ട ഒരു സന്ദേശം കൈമാറുന്നതിന് അനുയോജ്യമായ ഒരു ശൈലിയാണ്: ആരും അവനവനു വേണ്ടി ജീവൻ നൽകുന്നില്ല, മറിച്ച് അത് ഒരു സമ്മാനമായി മറ്റുള്ളവരിൽനിന്ന് സ്വീകരിക്കുന്നു; ഈ സാഹചര്യത്തിൽ, നമ്മൾ സംസാരിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ജനത്തെക്കുറിച്ചാണ്, മക്കൾക്ക് ജിവനേകുന്നതിലും ദൈവിശ്വാസം അവർക്ക് പകരുന്നതിലും  പിതാക്കന്മാരിൽ നിന്ന് പാരമ്പര്യവകാശനിക്ഷേപം സ്വീകരിക്കുന്നവരെക്കുറിച്ചാണ്.

പഴയ-പുതിയ നിയമങ്ങളിലെ വംശാവലിയിലെ അന്തരം

എന്നാൽ അതിൽനിന്നു വിഭിന്നമായി, പഴയനിയമത്തിലെ വംശാവലികളിൽ, പുരുഷനാമങ്ങൾ മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്, കാരണം ഇസ്രായേലിൽ മകന് പേരിടുന്നത് പിതാവാണ്, മത്തായിയുടെ പട്ടികയിലാകട്ടെ യേശുവിൻറെ പൂർവ്വികർക്കിടയിൽ സ്ത്രീകളും കാണപ്പെടുന്നു. അഞ്ചു സ്ത്രീകളുണ്ട്: യുദായുടെ മരുമകളായ താമാർ, വിധവയായിത്തിർന്ന അവൾ, തൻറെ ഭർത്താവിൻറെ പരമ്പര ഉറപ്പാക്കുന്നതിനായി ഒരു വേശ്യയായി നടിക്കുന്നു (ഉല്പത്തി 38 കാണുക); വാഗ്ദത്ത ദേശത്ത് പ്രവേശിച്ച് അതിനെ കീഴടക്കാൻ യഹൂദ പര്യവേക്ഷകരെ സഹായിക്കുന്ന ജെറിക്കോയിലെ വേശ്യയായ റാഹാബ് (യാക്കോബ്2 കാണുക); മോവാബുകാരിയായ റൂത്ത്, തൻറെ അമ്മായിയമ്മയോട് വിശ്വസ്തയായി തുടരുകയും അവളെ പരിപാലിക്കുകയും പിന്നീട് ദാവീദ് രാജാവിൻറെ മുത്തശ്ശിയായിത്തീരുകയും ചെയ്യുന്നതായി അവളുടെതന്നെ പേരിലുള്ള പുസ്തകത്തിൽ കാണുന്നു; ബേത്ഷബ, ദാവീദ്  അവളുടെ ഭർത്താവിനെ കൊല്ലിച്ച ശേഷം അവളുമായി വ്യഭിചാരത്തിൽ ഏർപ്പെടുകയും  അവൾ സോളമന് ജന്മമേകുകയും ചെയ്യുന്നു (2 സാമു 11 കാണുക); അവസാനം, ദാവീദിൻറെ ഭവനത്തിലെ യൗസേപ്പിൻറെ ഭാര്യയായ നസ്രത്തിലെ മറിയം: അവളിൽ നിന്നാണ് മിശിഹായായ യേശു ജനിച്ചത്.

പുതിയനിയമത്തിലെ വംശാവലിയിലെ സ്ത്രീകളുടെ സാന്നിധ്യം

ആദ്യത്തെ നാല് സ്ത്രീകൾ ഒരുപോലുള്ളവരാണ്, അത്, അവർ പാപിനികളായതുകൊണ്ടല്ല, വിദേശികൾ ആയതുകൊണ്ടാണ്, ഇസ്രായേൽ ജനതയ്ക്ക് അവർ പരദേശികളാണ്. മത്തായി വെളിപ്പെടുത്തുന്നത്, ബനഡിക്ട് പതിനാറാമൻ എഴുതിയതുപോലെ, "അവരിലൂടെ വിജാതീയരുടെ ലോകം യേശുവിൻറെ വംശാവലിയിലേക്ക് പ്രവേശിക്കുകയും യഹൂദരോടും വിജാതീയരോടുമുള്ള അവൻറെ ദൗത്യം ദൃശ്യമാകുകയും ചെയ്യുന്നു" (യേശുവിൻറെ ബാല്യം, മിലാൻ- വത്തിക്കാൻ സിറ്റി 2012, 15).

മുമ്പു സൂചിപ്പിച്ച നാല് സ്ത്രീകളെ അവരിൽ നിന്ന് ജനിച്ചയാളോടോ അല്ലെങ്കിൽ അവനെ സൃഷ്ടിച്ച പുരുഷനോടോ ചേർത്തു പരാമർശിക്കുമ്പോൾ, മറുവശത്ത്, മറിയം സവിശേഷമാംവിധം തെളിഞ്ഞുനില്ക്കുന്നു: അവൾ ഒരു പുതിയ തുടക്കം കുറിക്കുന്നു, അവൾ തന്നെ ഒരു പുതിയ ആരംഭമാണ്, കാരണം അവളുടെ കഥയിൽ തലമുറിയിലെ പ്രധാന കഥാപാത്രം മനുഷ്യ ജീവിയല്ല, മറിച്ച് ദൈവം തന്നെയാണ്. "ജനിച്ച" വചനത്തിൽ നിന്ന് ഇത് വ്യക്തമായി കാണാം: "യാക്കോബ് മറിയത്തിൻറെ ഭർത്താവായ ജോസഫിൻറെ പിതാവായിരുന്നു, അവളിൽ നിന്ന് ക്രിസ്തു എന്ന് വിളിക്കപ്പെടുന്ന യേശു ജനിച്ചു" (മത്തായി 1:16). ദാവീദിൻറെ പുത്രനായ യേശു, ജോസഫു വഴി  ആ  വംശത്തിൽ ചേർക്കപ്പെട്ടു. ഇസ്രായേലിൻറെ മിശിഹായാകേണ്ടവനായ അവിടന്ന് അബ്രഹാമിൻറെയും വിദേശ സ്ത്രീകളുടെയും മകനുമാണ്, അതിനാൽ "വിജാതീയരുടെ വെളിച്ചം" ആകേണ്ടവനുമാണ് (ലൂക്കാ 2 കാണുക).

ദൈവപുത്രൻറെ ആഗമനം

പിതാവിൻറെ വദനം വെളിപ്പെടുത്താനുള്ള ദൗത്യവുമായി അവിടത്തേക്കു സമർപ്പിക്കപ്പെട്ട ദൈവപുത്രൻ (യോഹന്നാൻ 1.18; യോഹന്നാൻ 14.9 കാണുക), നസ്രത്തിൽ "ജോസഫിൻറെ പുത്രൻ" (യോഹന്നാൻ 6.42) അല്ലെങ്കിൽ "ആശാരിയുടെ മകൻ" (മത്തായി 13.55) എന്ന് വിളിക്കപ്പെടും വിധം, എല്ലാ മനുഷ്യമക്കളെയും പോലെ, ലോകത്തിലേക്ക് പ്രവേശിക്കുന്നു. യഥാർത്ഥ ദൈവവും യഥാർത്ഥ മനുഷ്യനും.സഹോദരീ സഹോദരന്മാരേ, നമ്മുടെ പൂർവ്വികരെക്കുറിച്ചുള്ള കൃതജ്ഞതാഭരിതമായ ഓർമ്മകൾ നമ്മുടെ ഉള്ളിൽ ഉണർത്താം. എല്ലാറ്റിനുമുപരിയായി, സഭാംബയിലൂടെ നിത്യജീവനിലേക്ക്, നമ്മുടെ പ്രത്യാശയായ യേശുവിൻറെ ജീവനിലേക്ക് നമ്മെ ജനിപ്പിച്ച ദൈവത്തിന് നമുക്ക് നന്ദി പറയാം. നന്ദി.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ  

പാപ്പാ ഇറ്റാലിയന്‍ ഭാഷയിൽ നടത്തിയ മുഖ്യ പ്രഭാഷണത്തെ തുടർന്ന് അതിൻറെ സംഗ്രഹം ആംഗലം അറബി, ചൈനീസ് തുടങ്ങിയ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു. പതിവുപോലെ പൊതുകൂടിക്കാഴ്ചാ പരിപാടിയുടെ അവസാനം ഇറ്റലിക്കാരെ  അഭിവാദ്യം ചെയ്യവെ പാപ്പാ യുവജനത്തെയും പ്രായംചെന്നവരെയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം സംബോധന ചെയ്തു.  തിരുപ്പിറവിത്തിരുന്നാൾ അടുത്തെത്തിയിരിക്കുന്ന ഈ വേളയിൽ എല്ലാ ഭവനങ്ങളിലും പുൽക്കൂടുണ്ടെന്ന് ചിന്തിക്കാൻ താൻ ഇഷ്ടപ്പെടുന്നുവെന്നു പാപ്പാ പറഞ്ഞു. യേശു നമ്മുടെ ഇടയിൽ വസിക്കാനാണ് വന്നതെന്ന് ഓർമ്മിക്കാൻ നമുക്ക് പ്രചോദനമേകുന്ന ഒരു മാർഗ്ഗമാണ് നമ്മുടെ ആദ്ധ്യാത്മികതയുടെയും സംസ്കാരത്തിൻറെയും സുപ്രധാനമായ ഈ ഘടകം എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

സമാധാനം ഉണ്ടാകുന്നതിനു വേണ്ടി പ്രാർത്ഥിക്കാം

യുദ്ധംമൂലം കഷ്ടപ്പെടുന്നവരെ മറക്കരുതെന്നും സമാധാനത്തിനായി പ്രാർത്ഥിക്കണമെന്നുമുള്ള തൻറെ അഭ്യർത്ഥന പാപ്പാ ഈ കൂടിക്കാഴ്ചാവേളയിലും ആവർത്തിച്ചു. യുദ്ധദുരന്തം അനുഭവിക്കുന്ന പലസ്തീൻ, ഇസ്രായേൽ, ഉക്രൈയിൻ, മ്യാൻമർ തുടങ്ങിയ നാടുകളെ അനുസ്മരിച്ച പാപ്പാ. യുദ്ധങ്ങൾ അവസാനിക്കാനും സമാധാനം ഉണ്ടാകുന്നതിനുമായി പ്രാർത്ഥിക്കാൻ മറക്കരുതെന്നു പറഞ്ഞു. യുദ്ധം എപ്പോഴും ഒരു പരാജയം ആണെന്ന് പാപ്പാ ആവർത്തിക്കുകയും ചെയ്തു. തുടർന്ന് ലത്തീൻഭാഷയിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കർത്തൃപ്രാർത്ഥന ആലപിക്കപ്പെട്ടു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും തൻറെ അപ്പൊസ്തോലികാശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 December 2024, 12:08

ഏറ്റവും അടുത്ത പൊതുകൂടിക്കാഴ്ച

വായിച്ചു മനസ്സിലാക്കാന്‍ >