മന്ദീഭവിക്കാത്തതും ജാഗ്രതയുള്ളതുമായ ഹൃദയത്തിനുടമകളാകുക, പാപ്പാ!

ഫ്രാൻസീസ് പാപ്പായുടെ മദ്ധ്യാഹ്നപ്രാർത്ഥനാ പ്രഭാഷണം: മനുഷ്യപുത്രൻറെ ആഗമനത്തിൻറെ അടയാളങ്ങൾ ആശങ്കാജനകങ്ങൾ. എന്നാൽ അവ സംഭവിക്കുമ്പോൾ തളരാതെ ഉണർവ്വുള്ളവരായിരിക്കണം. പ്രത്യാശ വീണ്ടും കണ്ടെത്തുന്നതിന് കർത്താവിന് ഇടം നല്കാൻ അവിടന്ന് നമ്മോട് ആവശ്യപ്പെടുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശൈത്യം പിടിമുറുക്കിത്തുടങ്ങിയെങ്കിലും ഈ ഞായറാഴ്ച (01/12/24) റോമിൽ നല്ല കാലാവസ്ഥയായിരുന്നു. ഞായാറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാൻസീസ് പാപ്പാ അന്ന് വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ  പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധരാജ്യക്കാരായിരുന്ന നിരവധി  വിശ്വാസികൾ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നതിനായി പാപ്പാ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആരവങ്ങളും ചത്വരത്തിൽ ഉയർന്നു.

റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്,  “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ആഗമനകാലത്തിലെ ആദ്യത്തെതായ ഈ ഞായാറാഴ്ച (01/12/24) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം, 25-28-ഉം 34-36-ഉം വരെയുള്ള വാക്യങ്ങൾ (ലൂക്കാ 21,25-28.34-36) അതായത്, മനുഷ്യപുത്രൻറെ ആഗമനത്തെയും ജാഗരൂഗരായിരിക്കേണ്ടതിൻറെ ആവശ്യകതയെയും കുറിച്ച് യേശു പറയുന്ന ഭാഗം ആയിരുന്നു. പാപ്പാ ഇപ്രകാരം പറഞ്ഞു:

പ്രത്യാശയുള്ളവരാകുക

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!

ആഗമനകാലത്തിലെ ആദ്യഞായറാഴ്ചയായ ഇന്നത്തെ  ആരാധനാക്രമത്തിൽ സുവിശേഷം (ലൂക്കാ 21,25-28.34-36), നമ്മോടു പറയുന്നത് പ്രാപഞ്ചിക പ്രക്ഷുബ്ധാവസ്ഥയെക്കുറിച്ചും മാനവരാശിയുടെ ഉത്കണ്ഠയെയും ഭയത്തെക്കുറിച്ചുമാണ്. ഈ സന്ദർഭത്തിൽ, യേശു തൻറെ ശിഷ്യന്മാരോട് പ്രത്യാശയെക്കുറിച്ചു പറയുന്നു: "ശിസ്സുയർത്തി നില്ക്കുവിൻ, എന്തെന്നാൽ, നിങ്ങളുടെ വിമോചനം സമീപിച്ചിരിക്കുന്നു" (ലൂക്കാ 21,28). അവരുടെ ഹൃദയങ്ങൾ മന്ദീഭവിക്കാതിരിക്കുകയും (വാക്യം 34 കാണുക) മനുഷ്യപുത്രൻറെ വരവിനായി അവർ ജാഗ്രതയോടെ കാത്തിരിക്കുകയും ചെയ്യേണ്ടതിനെക്കുറിച്ചായിരുന്നു ഗുരുവിൻറെ ചിന്ത. 

ആശങ്കയരുത്,  ശിരസ്സുയർത്തി നിൽക്കുക

യേശുവിൻറെ ക്ഷണം ഇതാണ്: ശിരസ്സുയർത്തുക, ഹൃദയത്തെ ഭാരരഹിതവും ജാഗ്രതയുള്ളതുമാക്കി നിറുത്തുക. വാസ്‌തവത്തിൽ, യേശുവിൻറെ സമകാലികരിൽ പലരും, തങ്ങൾക്ക് ചുറ്റും മുണ്ടാകുന്ന, പീഡനങ്ങൾ, സംഘർഷങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിങ്ങനെയുള്ള, വിനാശകരമായ സംഭവങ്ങൾ കാണുമ്പോൾ ആശങ്കാകുലരാകുകയും ലോകാന്ത്യം  ആസന്നമായിരിക്കുന്നു എന്നു ചിന്തിക്കുകയും ചെയ്യുന്നു. അവരുടെ ഹൃദയം ഭയത്താൽ ഭാരപ്പെട്ടിരിക്കുന്നു. എന്നാൽ യേശുവാകട്ടെ, ഹൃദയത്തിൽ എങ്ങനെ ഉണർന്നിരിക്കാമെന്നും, ചരിത്രത്തിലെ ഏറ്റവും നാടകീയമായ സംഭവങ്ങളിൽ പോലും രക്ഷ കൊണ്ടുവരുന്ന ദൈവിക പദ്ധതിയിൽ നിന്ന് തുടങ്ങി സകല സംഭവങ്ങളും എങ്ങനെ വായിച്ചെടുക്കാമെന്നും സൂചിപ്പിച്ചുകൊണ്ട് അവരെ  ഇപ്പോഴത്തെ ഉത്കണ്ഠകളിലും തെറ്റായ ബോധ്യങ്ങളിലും നിന്ന് മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഇക്കാരണത്താൽ, ഭൂമിയിലെ കാര്യങ്ങൾ മനസ്സിലാക്കാൻ അവരുടെ നോട്ടം സ്വർഗ്ഗത്തിലേക്ക് തിരിക്കാൻ അവൻ അവരെ നിർദ്ദേശിക്കുന്നു: "ശിരസ്സുയർത്തി നിൽക്കുവിൻ" (വാക്യം 28). ഇത് മനോഹരമാണ്: "നിങ്ങൾ എഴുന്നേൽക്കുകയും ശിരസ്സുയർത്തുകയും ചെയ്യുക."

ഹൃദയം ഭാരപ്പെടുത്തരുത്

സഹോദരീ സഹോദരന്മാരേ, യേശുവിൻറെ ശുപാർശ നമ്മെ സംബന്ധിച്ചും സുപ്രധാനമാണ്: "നിങ്ങളുടെ ഹൃദയങ്ങൾ മന്ദീഭവിക്കരുത്" (വാക്യം 34). ജീവിതത്തിൻറെ പല വേളകളിലും നമ്മളെല്ലാവരും സ്വയം ചോദിക്കുന്നു: നമുക്ക് എങ്ങനെ ഒരു "കനമില്ലാത്ത" ഹൃദയം, ഉണർന്നിരിക്കുന്ന ഹൃദയം, സ്വതന്ത്ര ഹൃദയം ലഭിക്കും? ദുഃഖത്താൽ ഞെരുക്കപ്പെടാൻ അനുവദിക്കാത്ത ഒരു ഹൃദയമാണോ? സന്താപം മോശമാണ്. വാസ്തവത്തിൽ, നമ്മുടെ വ്യക്തിജീവിതത്തെക്കുറിച്ചോ അല്ലെങ്കിൽ ഇന്ന് ലോകത്ത് സംഭവിക്കുന്നതിനെക്കുറിച്ചോ ഉള്ള ഉത്കണ്ഠകളും ഭയങ്ങളും വേവലാതികളും പാറകൾ പോലെ നമ്മെ ഭാരപ്പെടുത്തുകയും നമ്മെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാം. ആകുലതകൾ ഹൃദയത്തെ ഭാരപ്പെടുത്തുകയും നമ്മെ സ്വയം അടച്ചുപൂട്ടുന്നതിലേക്കു നയിക്കുകയും ചെയ്യുന്നുവെങ്കിൽ, യേശു, നേരെമറിച്ച്, ശിരസ്സുയർത്തി നിൽക്കാനും നമ്മെ രക്ഷിക്കാൻ ആഗ്രഹിക്കുന്നതും നമ്മുടെ അസ്തിത്വത്തിൻറെ എല്ലാ സാഹചര്യങ്ങളിലും നമുക്ക് സമീപസ്ഥമായിരിക്കുന്നതുമായ അവൻറെ സ്നേഹത്തിൽ വിശ്വസിക്കാനും നമ്മെ ക്ഷണിക്കുന്നു. പ്രത്യാശ വീണ്ടും കണ്ടെത്തുന്നതിന് അവന് ഇടം നല്കാൻ അവൻ നമ്മോട് ആവശ്യപ്പെടുന്നു.

ആത്മശോധന ചെയ്യുക

ആകയാൽ, നമുക്ക് സ്വയം ചോദിക്കാം: ഭയം, ആശങ്കകൾ, ഭാവിയെക്കുറിച്ചുള്ള ആകുലതകൾ എന്നിവയാൽ എൻറെ ഹൃദയം തളർന്നിരിക്കുകയാണോ? ദൈനംദിന സംഭവങ്ങളെയും ചരിത്രത്തിലെ സംഭവങ്ങളെയും, പ്രാർത്ഥനയിൽ, ദൈവത്തിൻറെ കണ്ണുകളാൽ, ഉപരിവിശാലമായ ചക്രവാളത്തിൽ നോക്കാൻ എനിക്കറിയാമോ? അതോ ഞാൻ എന്നെത്തന്നെ നിരാശയ്ക്ക് വിട്ടുകൊടുക്കുമോ? നമ്മുടെ ഹൃദയങ്ങളുടെ ഭാരം ലഘൂകരിക്കുകയും യാത്രയിൽ നമുക്ക് തുണയാകുകയും ചെയ്യുന്നവനെ നോക്കാനുള്ള അമൂല്യാവസരമാകട്ടെ ഈ ആഗമനകാലം. പരീക്ഷണവേളകളിലും ദൈവത്തിൻറെ പദ്ധതിയെ സ്വാഗതം ചെയ്യാൻ തയ്യാറായ കന്യകാമറിയത്തെ നമുക്ക് ഇപ്പോൾ വിളിച്ചപേക്ഷിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ, “കർത്താവിൻറെ മാലാഖ ” എന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

റോമക്കാരും ഇറ്റലിയുടെ ഇതരഭാഗങ്ങളിലും മറ്റ് രാജ്യങ്ങളിലും നിന്ന് എത്തിയിരുന്നവരുമുൾപ്പടെയുള്ള തീർത്ഥാടകരെ പാപ്പാ ആശീർവ്വാദാനന്തരം  അഭിവാദ്യം ചെയ്തു.

അർജന്തീനയും ചിലിയും തമ്മിലുള്ള സമാധാന ഉടമ്പടിയും നാല്പതാം വാർഷികം

അർജന്തീനയും ചിലിയും തമ്മിലുള്ള സമാധാന ഉടമ്പടിയുടെ 40-ാം വാർഷികം അടുത്തയിടെ ആചരിക്കപ്പെട്ടതും ഇരുനാടുകളെയും യുദ്ധത്തിൻറെ വക്കിലെത്തിച്ച അതിർത്തിത്തർക്കത്തിന് അത്  പരിശുസിംഹാസനത്തിൻറെ മദ്ധ്യസ്ഥതയിൽ വിരാമമിട്ടതും പാപ്പാ അനുസ്മരിക്കുകയും ആയുധ പ്രയോഗം വെടിഞ്ഞ് സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ നാം നല്ല പാതയിൽ പാദമുന്നുന്നുവെന്നാണ് ഇത് കാണിച്ചുതരുന്നതെന്ന് പ്രസ്താവിക്കുകയും ചെയ്തു.

ലെബനനിലെ വെടിനിറുത്തൽ

ലെബനനിൽ ഈ അടുത്ത ദിവസങ്ങളിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തലിനെ സ്വാഗതം ചെയ്ത പാപ്പാ, സംഘർഷ ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ലെബനോൻകാർക്കും ഇസ്രായേൽക്കാർക്കും- ലെബനൻ സൈന്യത്തിൻറെയും ഐക്യരാഷ്ട്രസഭയുടെ സമാധാന സേനയുടെയും വിലയേറിയ സഹായത്താലും,  വേഗത്തിൽ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്താൻ കഴിയുംവിധം എല്ലാ കക്ഷികളും വെടിനിറുത്തൽ പാലിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിൽ, ലെബനൻറെ പ്രസിഡൻറിനെ ഉടൻ തിരഞ്ഞെടുക്കാനും സ്ഥാപനങ്ങൾ സാധാരണ പ്രവർത്തനം വീണ്ടെടുക്കാനും ആവശ്യമായ പരിഷ്കാരങ്ങളുമായി മുന്നോട്ടുപോകാനും ഭിന്നമതങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വത്തിൻറെ മാതൃകയെന്ന നിലയിലുള്ള നാടിൻറെ പങ്ക് ഉറപ്പാക്കാനും ലെബനനിലെ സകല രാഷ്ട്രീയക്കാരെയും പാപ്പാ ക്ഷണിച്ചു. വ്യത്യസ്ത മതങ്ങൾ. ഇപ്പോൾ നിർഗ്ഗമിക്കുന്ന സമാധാനകിരണം മറ്റെല്ലാ മേഖലകളിലുും, പ്രത്യേകിച്ച് ഗാസയിൽ, വെടിനിർത്തലിന് നിമിത്തമാകുമെന്ന തൻറെ പ്രതീക്ഷയും പാപ്പാ പ്രകടപ്പിച്ചു. ഇപ്പോഴും ബന്ദികളാക്കപ്പെട്ടിരിക്കുന്ന ഇസ്രായേലികളുടെ വിമോചനത്തെക്കുറിച്ചും അവശരായിരിക്കുന്ന പലസ്തീൻ ജനതയ്ക്ക് മാനവിക സഹായം ലഭ്യമാക്കുന്നതിനെക്കുറിച്ചുമുള്ള തൻറെ ചിന്തകളും പാപ്പാ വെളിപ്പെടുത്തി. നിർഭാഗ്യവശാൽ യുദ്ധം വീണ്ടും പൊട്ടിപ്പുറപ്പെട്ട സിറിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു. യുദ്ധം അവിടെ നിരവധിപ്പേരെ ഇരകളാക്കിയിരിക്കുന്നതിനെക്കുറിച്ചും വേദനയോടെ അനുസ്മരിച്ച പാപ്പാ അന്നാട്ടിലെ സഭയുടെ ചാരെ താനുണ്ടെന്നു വെളിപ്പെടുത്തുകയും ചെയ്തു.

ഉക്രൈയിനുവേണ്ടി സമാധാനാഭ്യർത്ഥന

ഏതാണ്ട് മൂന്നു വർഷമായി ഉക്രൈയിനിൽ തുടരുന്ന രക്തരൂക്ഷിത പോരാട്ടത്തിൽ തനിക്കുള്ള ഉത്കണ്ഠയും വേദനയും പാപ്പാ പ്രകടിപ്പിച്ചു. മരണങ്ങളുടെയും മുറിവുകളുടെയും അക്രമങ്ങളുടെയും നാശത്തിൻറെയും ഭയാനകമായ ഒരു പരമ്പരയ്ക്ക് നാം ഇത്രയും നാളുകളായി സാക്ഷ്യം വഹിക്കുകയാണെന്നും കുട്ടികൾ, സ്ത്രീകൾ, വയോധികർ, ബലഹീനർ എന്നിവരാണ് സംഘർഷങ്ങളുടെ  ആദ്യ ഇരകളെന്നും പാപ്പാ പറഞ്ഞു. യുദ്ധം ഭീകരതയാണെന്നും അത് ദൈവത്തെയും മനുഷ്യരാശിയെയും വ്രണപ്പെടുത്തുന്നുവെന്നും ആരെയും ഒഴിവാക്കുന്നില്ലയെന്നും അത് എല്ലായ്പ്പോഴും ഒരു തോൽവി, നരകുലം മുഴുവൻറെയും പരാജയം ആണെന്നും പാപ്പാ പ്രസ്താവിച്ചു. ശൈത്യകാലം പാർപ്പിടരഹിതരായ ദശലക്ഷക്കണക്കിന് ആളുകളുടെ അവസ്ഥ കൂടുതൽ വഷളാക്കുമെന്നും അവർക്ക് ഇനി വളരെ ബുദ്ധിമുട്ടുള്ള മാസങ്ങളായിരിക്കുമെന്നും യുദ്ധവും തണുപ്പും ഒന്നുചേരുമ്പോൾ അതൊരു ദുരന്തമാണെന്നും പാപ്പാ പറഞ്ഞു. ഈ യുദ്ധം അവസാനിപ്പിക്കാനും സംവാദവും സാഹോദര്യവും അനുരഞ്ജനവും പ്രബലപ്പെടാനും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ പാപ്പാ അന്താരാഷ്‌ട്ര സമൂഹത്തോടും സന്മനസ്സുള്ള സകലരോടും ഒരിക്കൽ കൂടി അഭ്യർത്ഥിച്ചു. എല്ലാ  തലങ്ങളിളും നവീകൃത യത്നങ്ങൾ വർദ്ധമാനക്കാൻ പാപ്പാ ആഹ്വാനം ചെയ്തു. തിരുപ്പിറവിക്കായി നാം തയ്യാറെടുക്കുമ്പോൾ, സമാധാനരാജൻറെ ജനനത്തിനായി കാത്തിരിക്കുമ്പോൾ, ഈ ജനങ്ങൾക്ക് മൂർത്തമായ പ്രത്യാശ പ്രദാനം ചെയ്യാൻ നമുക്കാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. സമാധാനത്തിനായുള്ള അന്വേഷണം ഏതാനുംപേരുടെയല്ല, എല്ലാവരുടെയും ഉത്തരവാദിത്വമാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധത്തിൻറെ ഭീകരതകളെ പതിവുകാര്യമായി കാണുന്ന മനോഭാവവും അവയോടുള്ള നിസ്സംഗതയും പ്രബലപ്പെട്ടാൽ, നരുകലം മുഴുവനും പരാജയപ്പെടുകയാണെന്നു പാപ്പാ പറഞ്ഞു. ഇത്ര കഠിനമായ പരീക്ഷിക്കപ്പെടുന്ന ഉക്രൈയിൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നതിലും സമാധാനത്തിൻറെ ദാനത്തിനായി ദൈവത്തോട് അപേക്ഷിക്കുന്നതിലും മടുക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സമാപനാഭിവാദ്യം

ത്രികാലപ്രാർത്ഥനാ പരിപാടിയുടെ അവസാനം പാപ്പാ, എല്ലാവർക്കും  നല്ലൊരു ഞായറും ആഗമനകാലത്തിൻറെ നല്ലൊരു തുടക്കവും ആശംസിക്കുകയും തനിക്കു വേണ്ടി  പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2024, 11:53

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >