നമ്മുടെ ഇല്ലായ്മകളെ തൻറെ സമൃദ്ധിയാൽ ദൈവം നികത്തുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇടയ്ക്കിടെ പെയ്തുകൊണ്ടിരുന്ന മഴയും കാർമേഘാവൃതമായ അന്തരീക്ഷവും പ്രതികൂലാവസ്ഥ സൃഷ്ടിച്ച ഒരു ദിനമായിരുന്നു റോമിൽ പത്തൊമ്പതാം തീയതി ഞായാറാഴ്ച (19/01/25). എങ്കിലും വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച മദ്ധ്യാഹ്നത്തിൽ നയിച്ച ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. പാപ്പാ ത്രികാലജപം നയിക്കുന്നതിന് പേപ്പൽ ഭവനത്തിലെ പതിവുജാലകത്തിങ്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ജനസഞ്ചയത്തിൻറെ കരഘോഷവും ആനന്ദാരവങ്ങളും ഉയർന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന്, “കർത്താവിൻറെ മാലാഖ” എന്നാരംഭിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ നടത്തിയ വിചിന്തനത്തിന് ആധാരം, ലത്തീൻറീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായാറാഴ്ച (19/01/25) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം രണ്ടാം അദ്ധ്യായം, 1-11 (യോഹന്നാൻ 2,1-11) വാക്യങ്ങൾ, അതായത്, കാനായിലെ കല്ല്യാണവിരുന്നിൽ വീഞ്ഞു തീർന്നു പോകുന്നതും പരിശുദ്ധ കന്യകാമറിയത്തിൻറെ ഇടപെടലിനെ തുടർന്ന് യേശു വെള്ളം വീഞ്ഞാക്കി പ്രഥമ അത്ഭുതം പ്രവർത്തിക്കുന്നതുമായ സംഭവവിവരണം ആയിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:
യേശുവിൻറെ ദൗത്യം മുഴുവനെയും സംഗ്രഹിക്കുന്ന അത്ഭുതം
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ഞായർ!
ഇന്നത്തെ ആരാധനക്രമത്തിലെ സുവിശേഷം (യോഹന്നാൻ 2:1-11) നമ്മോടു പറയുന്നത്, ഗലീലിയിലെ കാനായിലെ വിവാഹ വിരുന്നിൽ വെള്ളം വീഞ്ഞാക്കി മാറ്റിക്കൊണ്ട് യേശു പ്രവർത്തിച്ച ആദ്യ അത്ഭുതക്കുറിച്ചാണ്. യേശുവിൻറെ മുഴുവൻ ദൗത്യത്തെയും മുൻകൂട്ടി അവതരിപ്പിക്കുകയും സംഗ്രഹിക്കുകയും ചെയ്യുന്ന ഒരു വിവരണമാണിത്: പ്രവാചകന്മാർ പറഞ്ഞിരുന്നത് പോലെ, മിശിഹായുടെ ആഗമന നാളിൽ കർത്താവ് "മേൽത്തരം വീഞ്ഞുള്ള വിരുന്ന്" ഒരുക്കും (ഏശയ്യാ 25:6) "പർവ്വതങ്ങൾ പുതുവീഞ്ഞു പൊഴിക്കും" (ആമോസ് 9:13). യേശുവാണ് " പുതിയ വീഞ്ഞ്" കൊണ്ടുവരുന്ന മണവാളൻ.
ഇല്ലായ്മയും സമൃദ്ധിയും
ഈ സുവിശേഷത്തിൽ നമുക്ക് രണ്ട് കാര്യങ്ങൾ കാണാൻ കഴിയും: ഇല്ലായ്മയും അതിസമൃദ്ധിയും. ഒരു വശത്ത് വീഞ്ഞു തീർന്നു പോകുന്നു, അപ്പോൾ മറിയം സ്വപുത്രനോടു പറയുന്നു: "അവർക്ക് വീഞ്ഞില്ല" (യോഹന്നാൻ 2,3); മറുവശത്ത്, ആറ് വലിയ ഭരണികൾ നിറയ്ക്കാൻ പറഞ്ഞുകൊണ്ട് യേശു ഇടപെടുന്നു, ഒടുവിൽ വളരെ രുചികരമായ വീഞ്ഞ് ധാരാളം നല്കപ്പെടുന്നു, ഈ വീഞ്ഞ് എന്തുകൊണ്ട് അവസാനം വരെ സൂക്ഷിച്ചുവെച്ചു എന്ന ചോദ്യം കലവറക്കാരൻ ചോദിക്കന്നു. (യോഹന്നാൻ 2,10). അതുകൊണ്ട്, നമ്മുടെ അടയാളം എപ്പോഴും അഭാവമാണ്, എന്നാൽ എല്ലായ്പ്പോഴും "ദൈവത്തിൻറെ അടയാളമാകട്ടെ അതിസമൃദ്ധിയും". "കാനായിലെ അതിസമൃദ്ധി ഇതിൻറെ അടയാളമാണ്". (cf. BENEDICT XVI, Jesus of Nazareth, vol. I, 294). മനുഷ്യൻറെ കുറവിനോട് ദൈവം എങ്ങനെയാണ് പ്രതികരിക്കുന്നത്? അമിത സമൃദ്ധിയോടെ (റോമ 5:20 കാണുക). ദൈവം പിശുക്കനല്ല! അവൻ കൊടുക്കുമ്പോൾ, ധാരാളമായി നൽകുന്നു. ഒരു ചെറിയ കഷണമല്ല നൽകുക, അവൻ നിനക്ക് സമൃദ്ധമായി നൽകുന്നു. നമ്മുടെ കുറവുകളോട്, കർത്താവ് തൻറെ അതിസമൃദ്ധിയോടെ പ്രതികരിക്കുന്നു.
നമ്മുടെ ജീവിത്തിലെ കുറവുകൾ
നമുക്കു പറയാൻ സാധിക്കും, നമ്മുടെ ജീവിത വിരുന്നിൽ വീഞ്ഞ് തീർന്നുപോകുന്നുവെന്ന് നമുക്ക് ചിലപ്പോൾ മനസ്സിലാകുന്നുവെന്ന്: അതായത്, നമുക്ക് ഊർജ്ജവും മറ്റു പലതും ഇല്ലെന്ന് മനസ്സിലാകുന്നു. നമ്മെ ആശങ്കകൾ ബാധിക്കുമ്പോൾ, ഭയങ്ങൾ നമ്മെ ആക്രമിക്കുമ്പോൾ, അല്ലെങ്കിൽ തിന്മയുടെ വിനാശകരമായ ശക്തികൾ ജീവിതത്തോടുള്ള നമ്മുടെ അഭിരുചിയെയും, സന്തോഷത്തിൻറെതായ ആവേശത്തെയും, പ്രത്യാശയുടെ പരിമളത്തെയും ഇല്ലാതാക്കുമ്പോൾ അത് സംഭവിക്കുന്നു. നാം ജാഗ്രത പാലിക്കുക: ഈ അഭാവത്തിൻറെ മുൻപിലാണ് കർത്താവ് നൽകുന്നത്, അവൻ അതിസമൃദ്ധമായേകുന്നത്. ഇത് ഒരു വൈരുദ്ധ്യമായി തോന്നാം: നമുക്ക് എത്രത്തോളം കുറവുണ്ടോ അത്രത്തോളം കർത്താവിൻറെ സമൃദ്ധിയുണ്ടാകുന്നു. എന്തെന്നാൽ, കർത്താവ് നമ്മോടൊപ്പം വിരുന്നാഘോഷിക്കാൻ ആഗ്രഹിക്കുന്നു, ഒരിക്കലും അവസാനിക്കാത്ത ഒരു ആഘോഷം.
മറിയം പുതിയ വീഞ്ഞിൻറെ മഹിള
ആകയാൽ, നമുക്ക് കന്യകാമറിയത്തോട് പ്രാർത്ഥിക്കാം. "പുതുവീഞ്ഞിൻറെ മഹിളയായ" (എ. ബെല്ലോ, മറിയം, നമ്മുടെ കാലത്തെ സ്ത്രീ, കാണുക) അവൾ നമുക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുകയും ഈ ജൂബിലി വർഷത്തിൽ, യേശുവുമായുള്ള കൂടിക്കാഴ്ചയുടെ സന്തോഷം വീണ്ടും കണ്ടെത്താൻ നമ്മെ സഹായിക്കുകയും ചെയ്യട്ടെ.
ഈ വാക്കുകളെ തുടർന്ന് പാപ്പാ കർത്താവിൻറെ മാലാഖയെന്നാരംഭിക്കുന്ന ത്രികാലജപം നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.
ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ - ഗാസയിലെ വെടിനിറുത്തൽ
ജനുവരി 19-ന്, ഞാറാഴ്ച ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിക്കപ്പെട്ടിരുന്നത് ആശീർവ്വാദാനന്തരം അനുസ്മരിച്ച പാപ്പാ ഇതിനുവേണ്ടി ഇടനിലക്കാരായി നിന്ന എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. സമാധാന സംസ്ഥാപനാർത്ഥം മാദ്ധ്യസ്ഥപ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നത് നല്ല ഒരു കർമ്മമാണെന്നു പാപ്പാ പറഞ്ഞു. ഈയൊരു സുപ്രധാന ഫലം ഉണ്ടാകുന്നതിനായി പ്രവർത്തിച്ച എല്ലാ കക്ഷികൾക്കും പാപ്പാ ഒരിക്കൽകൂടി നന്ദി പറഞ്ഞു. ഉണ്ടാക്കിയിട്ടുള്ള ധാരണകൾ കക്ഷികൾ ഉടനടി പാലിക്കുമെന്നും എല്ലാ ബന്ദികൾക്കും ഒടുവിൽ വീട്ടിലേക്ക് മടങ്ങാനും അവരുടെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാനും കഴിയുമെന്നുമുള്ള തൻറെ പ്രതീക്ഷ പാപ്പാ പ്രകടിപ്പിക്കുകയും അവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി താൻ ഏറെ പ്രാർത്ഥിക്കുന്നുവെന്നു വെളിപ്പെടുത്തുകയും ചെയ്തു. ഗാസയിലെ ജനങ്ങൾക്ക് മാനവിക സഹായം കൂടുതൽ വേഗത്തിലും വലിയ അളവിലും എത്തുമെന്ന പ്രതീക്ഷയും പാപ്പാ പ്രകടിപ്പിക്കുകയും അത് വളരെ അടിയന്തിരമായ ആവശ്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇസ്രായേലികൾക്കും പലസ്തീനികൾക്കും പ്രതീക്ഷയുടെ സുവ്യക്തമായ അടയാളങ്ങൾ ആവശ്യമാണെന്നു പറഞ്ഞ പാപ്പാ, ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ അധികാരികൾക്ക് അന്താരാഷ്ട്ര സമൂഹത്തിൻറെ സഹായത്തോടെ രണ്ട് രാഷ്ട്രങ്ങൾക്ക് ഉചിതമായ നീതിപൂർവ്വകമായ പരിഹാരത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. സംഭാഷണത്തോടും അനുരഞ്ജനത്തോടും സമാധാനത്തോടും അതെ എന്നു പറയാൻ എല്ലാവർക്കും കഴിയട്ടെയെന്നു പറഞ്ഞ പാപ്പാ സംഭാഷണത്തിനും അനുരഞ്ജനത്തിനും സമാധാനത്തിനുമായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചു.
ക്യൂബയിലെ കാരാഗൃഹവാസികളുടെ മോചനം
കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ക്യൂബയിലെ കാരാഗൃഹങ്ങളിൽ നിന്ന് ഒരു കൂട്ടം തടവുകാരെ മോചിപ്പിപ്പിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നത് അനുസ്മരിച്ച പാപ്പാ ഇത് ഈ ജൂബിലി വർഷത്തിൻറെ ലക്ഷ്യങ്ങളിൽ ഒന്നിന് മൂർത്തഭാവമേകുന്ന മഹാ പ്രത്യാശയുടെ ഒരു പ്രവൃത്തിയാണെന്ന് സന്തുഷ്ടി പ്രകടിപ്പിച്ചു. വ്യക്തികളുടെയും ജനങ്ങളുടെയും പാതയിൽ ആത്മവിശ്വാസം വളർത്തുന്ന സമാന സംരംഭങ്ങൾ വരും മാസങ്ങളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.
ക്രൈസ്തവൈക്യ പ്രാർത്ഥനാവാരം
കർത്താവിൻറെ സകല ശിഷ്യരും തമ്മിൽ ദൈവത്തിൻറെ അനർഘദാനമായ സമ്പൂർണ്ണ ഐക്യം സംജാതമാകുന്നതിനു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥന ക്രിസ്തീയ ഐക്യത്തിനായുള്ള ഈ പ്രാർത്ഥനാ ദിനങ്ങളിൽ അവിരാമം തുടരാൻ പാപ്പാ പ്രചോദനം പകർന്നു.
യുദ്ധവേദികൾക്കായി പ്രാർത്ഥിക്കുക
യുദ്ധം മൂലം ക്ലേശിക്കുന്ന ഉക്രൈയിൻ, പലസ്തീൻ, ഇസ്രായേൽ, മ്യാൻമാർ എന്നീ നാടുകൾക്കും യുദ്ധ ദുരിതമനുഭവിക്കുന്ന മറ്റ് എല്ലാ ജനതകൾക്കും വേണ്ടി നിരന്തരം പ്രാർത്ഥിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തദ്ദനന്തരം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിക്കുകയും തനിക്കു വേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തുടർന്ന് പാപ്പാ സകലർക്കും നല്ല ഒരു ഉച്ചവിരുന്ന് നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: