പാപ്പാ: കർത്താവിന്റെ ദാനങ്ങളെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കുക, അവയുടെ മൂല്യം വിലമതിക്കുക
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന യേശുവിന്റെ ജനനത്തെക്കുറിച്ച് മറിയത്തോടു പറയുന്ന രംഗത്തെ (ലൂക്കാ 1, 26-38) കുറിച്ച് പറഞ്ഞ പാപ്പാ പാപത്തിന് ഒട്ടും അടിമയാകാത്ത ഒരു ഹൃദയം എന്ന അനന്യമായ ദാനത്തെ പരിശുദ്ധ കന്യാകമറിയം എങ്ങനെ കാത്തു സൂക്ഷിച്ചു എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്ന അവളുടെ രണ്ട് മനോഭാവങ്ങളെക്കുറിച്ച് വിശദീകരിച്ചു. ദൈവത്തിന്റെ പ്രവർത്തിയിലുള്ള ആശ്ചര്യവും, ഏറ്റം എളിയ കാര്യങ്ങളിലുള്ള വിശ്വസ്തതയുമാണ് ആ രണ്ട് മനോഭാവങ്ങളെന്ന് പാപ്പാ പങ്കുവച്ചു.
ഒന്നാമത്ത മനോഭാവം: ആശ്ചര്യം
ദൈവദൂതന്റെ വാക്കുകൾ മറിയത്തെ വളരെയധികം അസ്വസ്ഥയാക്കിയെന്ന് ലൂക്കാ സുവിശേഷകൻ തന്നെ രേഖപ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ചു കൊണ്ട് ദൈവത്തിന്റെ കൃപ നിറഞ്ഞവൾ എന്ന വാക്ക് അവളെ ആശ്ചര്യപ്പെടുത്തുകയും, സ്തബ്ധയാക്കുകയും, അസ്വസ്ഥയാക്കുകയും ചെയ്തു: "കൃപ നിറഞ്ഞവൻ" എന്ന് സ്വയം വിളിക്കുന്നത് കേൾക്കുമ്പോൾ അവൾ ആശ്ചര്യപ്പെടുന്നു, അതായത് ദൈവസ്നേഹത്താൽ നിറയുന്നു. ഇത് വളരെ പ്രധാനപ്പെട്ട ഒരു മനോഭാവമാണ്: കർത്താവിന്റെ ദാനങ്ങളുടെ മുന്നിൽ ആശ്ചര്യപ്പെടുക, അവയെ ഒരിക്കലും നിസ്സാരമായി കാണാതിരിക്കുക, അവയുടെ മൂല്യം വിലമതിക്കുക, അവ കൊണ്ടുവരുന്ന വിശ്വാസത്തിലും ആർദ്രതയിലും സന്തോഷിക്കുക. ദൈനംദിന പ്രശ്നങ്ങളെക്കുറിച്ചു മാത്രമല്ല, ദൈവത്തിന്റെ ദാനങ്ങളെക്കുറിച്ചും ലഭിച്ച നന്മയെക്കുറിച്ചും വിനയപൂർവ്വം സംസാരിച്ചുകൊണ്ട് ഈ വിസ്മയം മറ്റുളളവരുടെ മുമ്പാകെ പ്രകടമാക്കേണ്ടതും പ്രധാനമാണ്. പാപ്പാ വ്യക്തമാക്കി.
നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: ദൈവത്തിന്റെ വചനങ്ങളിൽ ആശ്ചര്യപ്പെടേണ്ടതെങ്ങനെയെന്ന് എനിക്കറിയാമോ? ചില സമയങ്ങളിൽ ഞാൻ അത്ഭുതം കൊണ്ട് നിറയുകയും അത് ആരോടെങ്കിലും പങ്കിടുകയും ചെയ്യുന്നുണ്ടോ? പാപ്പാ ആവശ്യപ്പെട്ടു.
രണ്ടാമത്തെ മനോഭാവം: ലളിതമായ കാര്യങ്ങളിലുള്ള വിശ്വസ്തത
മംഗളവാർത്തയ്ക്ക് മുമ്പ് സുവിശേഷം മറിയത്തെ കുറിച്ച് മറ്റൊന്നും പറയുന്നില്ല. അവളുടെ ഗ്രാമമായ നസ്രത്തിൽ ജീവിച്ചിരുന്ന ഏതൊരു പെൺകുട്ടിയെയും പോലെ ലളിതമായി ജീവിച്ച ഒരു പെൺകുട്ടിയായാണ് ബൈബിളിൽ ഒരിക്കലും പരാമർശിക്കപെടാത്ത അവൾ അവതരിപ്പിക്കപ്പെടുന്നത് എന്ന് സൂചിപ്പിച്ച പാപ്പാ ദൈവത്തിന്റെ കൃപയാൽ ജനനത്തിൽ അവൾക്കു നൽകപ്പെട്ട നിർമ്മല ഹൃദയത്തെ അവളുടെ ലാളിത്യത്താൽ കാത്ത് സൂക്ഷിച്ച ഒരു പെൺകുട്ടിയായിരുന്നു മറിയമെന്ന് പാപ്പാ പറഞ്ഞു. വലിയ ദാനങ്ങളെ സ്വീകരിക്കാൻ നമ്മുടെ ജീവിതത്തിൽ അനുദിനം നൽകപ്പെടുന്നതും കാണപ്പെടാത്തതുമായ ദാനങ്ങളെ മനസ്സിൽ സൂക്ഷിക്കാൻ അറിയേണ്ടതും പ്രധാനപ്പെട്ടതാണ്. നന്മയിലുള്ള അവളുടെ ദൈനംദിന വിശ്വസ്തതയിലൂടെയാണ് ദൈവത്തിന്റെ ദാനം അവളുടെ ഉള്ളിൽ വളരാൻ അവൾ അനുവദിച്ചത്. ഇങ്ങനെയാണ് കർത്താവിനോടു പ്രത്യുത്തരം നൽകാനും ജീവിതകാലം മുഴുവനും അവിടുത്തോടു "അതെ" എന്നു പറയാനും അവൾ സ്വയം പരിശീലിപ്പിച്ചത്. പാപ്പാ വിശദീകരിച്ചു. അതുകൊണ്ട് നമുക്ക് നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം: അനുദിന സാഹചര്യങ്ങളിലും എന്റെ ആത്മീയ യാത്രയിലും ദൈവത്തോടുള്ള വിശ്വസ്തത പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ? ഞാൻ ഇത് വിശ്വസിക്കുന്നുവെങ്കിൽ, സുവിശേഷം വായിക്കാനും പ്രാർത്ഥിക്കാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനും, അനുരജ്ഞന കൂദാശ സ്വീകരിക്കാനും, താൽപ്പര്യമില്ലാത്ത ഏതെങ്കിലും പ്രത്യക്ഷമായ സേവനം ചെയ്യാനും ഞാൻ സമയം കണ്ടെത്തുന്നുണ്ടോ? എന്ന് സ്വയം ചോദ്യമുയർത്താ൯ ആഹ്വാനം ചെയ്ത പാപ്പാ കർത്താവിന്റെ സാന്നിദ്ധ്യത്തെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ ചെറിയ തിരഞ്ഞെടുപ്പുകളാണിവ എന്ന് ഓർമ്മപ്പെടുത്തി.
ദൈവത്തിന്റെ ദാനങ്ങളിൽ ആശ്ചര്യപ്പെടാനും ഓരോ ദിവസവും അവയോടു വിശ്വസ്തയോടും ഉദാരതയോടും പ്രതികരിക്കാനും മറിയം നമ്മെ സഹായിക്കട്ടെ എന്നാശംസിച്ചു കൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: