തിരയുക

ശിശുവിൻറെ നയങ്ങളിൽ പ്രപഞ്ചസ്രഷ്ടാവിൻറെ വെളിച്ചം ദർശിച്ച ജ്ഞാനികൾ !

ഫ്രാൻസീസ് പാപ്പാ പ്രത്യക്ഷീകരണത്തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുകയും പ്രാർത്ഥനയ്ക്ക് ഒരുക്കമായി ചില ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്തു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പൗരസ്ത്യ ദേശത്തു നിന്നെത്തിയ മൂന്നു ജ്ഞാനകിൾ ഒരു ദരിദ്ര ശിശുവിൽ ദൈവസാന്നിദ്ധ്യം തിരിച്ചറിയുകയും ആ ശിശുവിനെ ആരാധിച്ച്, ധ്യാനിച്ച്, അവർ പുതിയ മനുഷ്യരായി തിരിച്ചു പോകുകയും ചെയ്ത അവരുടെ നിർണ്ണായകാനുഭവം നമ്മെ സംബന്ധിച്ചും സുപ്രധാനമാണെന്ന് മാർപ്പാപ്പാ.

എപ്പിഫനി, അഥവാ, പ്രത്യക്ഷീകരണ തിരുന്നാൾ, അല്ലെങ്കിൽ ദനഹാതിരുന്നാൾ ആചരിക്കപ്പെട്ട ശനിയാഴ്‌ച (06/01/24) വത്തിക്കാനിൽ നയിച്ച പൊതുവായ മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കു മുമ്പു നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ ദൈവം മൂന്നു ജ്ഞാനികളിലൂടെ സകല ജനങ്ങൾക്കും വെളിപ്പെടുത്തപ്പെടുന്നതിൻറെ പൊരുൾ വിശകലനം ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

ആ ശിശുവിൻറെ ചെറുതും നിഷ്കളങ്കവുമായ നയനങ്ങളിൽ ഈ ജ്ഞാനികൾ  പ്രപഞ്ചസ്രഷ്ടാവിൻറെ വെളിച്ചം കണ്ടുവെന്ന് അനുസ്മരിച്ച പാപ്പാ ആ ശിശുവിനെ നോക്കി അവൻറെ ആ ലാളിത്യത്തിൽ നമ്മളും വിസ്മയംകൊള്ളണമെന്ന് ഓർമ്മിപ്പിച്ചു. യേശുവിനെ ധ്യാനിക്കുക, അവിടത്തെ മുന്നിൽ നില്ക്കുക, ദിവ്യകാരുണ്യത്തിൽ അവിടത്തെ ആരാധിക്കുകയെന്നാൽ സമയം പാഴാക്കലല്ല, പ്രത്യുത, സമയത്തിന് അർത്ഥമേകലാണ് എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ഹൃദയത്തിന് പോഷണമേകുന്ന ഒരു നിശബ്ദതയുടെ ലാളിത്യത്തിൽ ജീവിതത്തിൻറെ പാത വീണ്ടും കണ്ടെത്തലാണ് അതെന്നും പാപ്പാ വിശദീകരിച്ചു.

കുഞ്ഞുങ്ങളുടെ തനതായ വിശ്വാസത്തോടും, അവരുടെ ക്ഷിപ്ര സന്നദ്ധതയോടും, വിസ്മയത്തോടും, ഭാവാത്മക ആകാംക്ഷയോടും, സ്വാഭവികമായി കരയാനും ചിരിക്കാനും സ്വപ്നംകാണാനുമുള്ള കഴിവോടുംകൂടി അവരെ നോക്കാനുള്ള സമയം നാം കണ്ടെത്തേണ്ടതിൻറെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി. മാംസം ധരിച്ച യേശു, കണ്ണുനീരും പുഞ്ചിരിയും കലർന്ന ജീവിതത്തിൻറെ രഹസ്യം നമ്മളുമായി പങ്കിടാൻ ഇഷ്ടപ്പെടുന്നുവെന്നും  അതുകൊണ്ടുതന്നെ നമ്മൾ കുഞ്ഞുങ്ങളുമായി സംസാരിക്കാനും കളിക്കാനും ചിരിക്കാനും സമയം നീക്കിവയ്ക്കണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ഈ ദിവസങ്ങളിൽ നാം പുൽക്കൂടിനു മുന്നിൽ നിൽക്കുകയും പ്രാർത്ഥിച്ചുകൊണ്ട് യേശുവിന് നിശബ്ദതയിൽ കുറച്ച് ഇടം നൽകുകയും ചെയ്തുവോ? കുട്ടികളുമായി സംസാരിക്കാനും അവരുമൊത്തു കളിക്കാനും സമയം നീക്കിവച്ചോ? ലോകത്തിലെ പ്രശ്നങ്ങൾ  കുഞ്ഞുങ്ങളുടെ നയനങ്ങളിലൂടെ കാണാൻ നമുക്ക് കഴിയുന്നുണ്ടോ? ഇത്യാദി ചോദ്യങ്ങൾ സ്വയം ചോദിക്കാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ, ഉണ്ണിയയേശുവിനോടും എല്ലാ കുട്ടികളോടും, പ്രത്യേകിച്ച് യുദ്ധങ്ങളാലും അനീതികളാലും പരീക്ഷിക്കപ്പെടുന്നവരോടുള്ള സ്നേഹം നമ്മിൽ വർദ്ധമാനമാക്കുന്നതിനായി ദൈവമാതാവായ പരിശുദ്ധ മറിയത്തോടു പ്രാർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 January 2024, 13:46

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >